പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും 2025ലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ (UAE). 2024ലെ 27-ാം നമ്പർ പ്രമേയം കാബിനറ്റ് പുറത്തിറക്കിയ സാഹചര്യത്തിലാണ് ഔദ്യോഗിക ഗസറ്റ് പ്രകാരം അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. യുഎഇ ഭരണഘടനയുടെ പ്രധാന നിയമനിർമ്മാണ രേഖകളും നിയമങ്ങളും ഇതിൻെറ മുന്നോടിയായി സമഗ്രമായി പരിശോധിച്ചിട്ടുണ്ട്. ചന്ദ്രൻെറ ദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചില അവധി ദിവസങ്ങൾ അതിനോട് അടുത്ത സമയത്ത് മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
2025ലെ മുഴുവൻ അവധി ദിവസങ്ങളും അറിയാം
പുതുവത്സര ദിനം: 2025, ജനുവരി 1.
ഈദുൽ ഫിത്ർ: ഹിജ്റ 1446 ശവ്വാൽ 1 മുതൽ 3 വരെയുള്ള മൂന്ന് ദിവസം അവധിയായിരിക്കും. ചന്ദ്രൻെറ ദർശനത്തിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. റംസാൻ 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ദിവസം കൂടി അധിക അവധി ദിവസം ഉണ്ടായിരിക്കും.
അറഫത്ത് ദിവസം: ഹിജ്റ 1446 ദുൽ-ഹജ്ജ് 9.
ഈദ് അൽ അദ്ഹ: ഹിജ്റ 1446 ദുൽ-ഹജ്ജ് 10 മുതൽ 12 വരെ.
ഇസ്ലാമിക പുതുവർഷം: മുഹറം 1.
നബി ദിനം: അൽ അവ്വൽ 12.
യുഎഇ ദേശീയ ദിനം: 2025 ഡിസംബർ 2,3.
ആർട്ടിക്കിൾ 2 പ്രകാരം ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവ ഒഴികെയുള്ള പൊതു അവധി ദിവസങ്ങൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. മറ്റൊരു പൊതു അവധി ദിവസത്തിലോ വാരാന്ത്യമോ മറ്റൊരു അവധിദിനം വരികയാണെങ്കിൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാധിക്കില്ലെന്ന് ആർട്ടിക്കിൾ 3 വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക സർക്കാരുകൾക്ക്, അവർക്ക് കീഴിലെ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും പ്രത്യേക അവസരങ്ങളിലോ മറ്റ് കാരണങ്ങളാലോ അധിക ഔദ്യോഗിക അവധികൾ അനുവദിക്കാൻ ആർട്ടിക്കിൾ 4 പ്രകാരം അവകാശമുണ്ട്.