റിയാദ്: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അക്കൗദമിക കലണ്ടറിന് അംഗീകാരം നല്‍കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പരിഷ്‌കാരം ബാധകമായിരിക്കും.
2024-25 അധ്യയന വര്‍ഷത്തില്‍ സൗദിയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി മൂന്ന് ടേം സംവിധാനം അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ടേം 2024 ഓഗസ്റ്റ് 18ന് ആരംഭിക്കും. രണ്ടാമത്തെ 2024 നവംബര്‍ 17നായിരിക്കും ആരംഭിക്കുക. മൂന്നാമത്തെ ടേം 2025 മാര്‍ച്ച് 2ന് ആരംഭിച്ച് 2025 ജൂണ്‍ 26ന് അവസാനിക്കും.ദേശീയ ദിനം, ഈദുല്‍ ഫിത്തര്‍, ഈദ് അല്‍-അദ്ഹ, മറ്റ് വാരാന്ത്യ അവധികള്‍ എന്നിവയും അക്കാദമിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവി വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള പദ്ധതികള്‍ മന്ത്രാലയം ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട്, മൂന്ന് ടേം സംവിധാനത്തിന് കീഴില്‍ കുറഞ്ഞത് 180 പ്രവര്‍ത്തിദിനങ്ങളെങ്കിലും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍വകലാശാലകള്‍ക്കും ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും അന്താരാഷ്ട്ര സ്‌കൂളുകള്‍ക്കും തങ്ങളുടേതായ അക്കാദമിക കലണ്ടര്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ട അഞ്ച് വര്‍ഷത്തെ സമയപരിധി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.