അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനം. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ സൂചികയില്‍ 134 രാജ്യങ്ങളില്‍ നിന്നാണ് യുഎഇക്ക് മികച്ച സ്ഥാനം ലഭിച്ചത്.
യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കി. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് (64.3%) രണ്ടു ഡോസ് വാക്‌സീന്‍ നല്‍കിയതുമാണ് യുഎഇക്ക് നേട്ടമായത്. ഐസ്‌ലന്‍ഡ് ആണ് ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം.
ഖത്തറിനാണ് മൂന്നാം സ്ഥാനം. സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, മംഗോളിയ, നോര്‍വേ, ഡെന്‍മാര്‍ക്ക്, കാനഡ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ യഥാക്രമം 4 മുതല്‍ 10 സ്ഥാനങ്ങളില്‍.
ജിസിസി രാജ്യങ്ങളെല്ലാം ആദ്യ 25ല്‍ ഇടംപിടിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ 12, കുവൈത്ത് 18, സൗദി അറേബ്യ 19, ഒമാന്‍ 25 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം.
പട്ടികയില്‍ അമേരിക്ക 71ാം സ്ഥാനത്തും ഇന്ത്യ 91ാം സ്ഥാനത്തുമാണ്. ഫിലിപ്പീന്‍സ്, കൊളംമ്പിയ, നൈജീരിയ, ബോസ്‌നിയ, ബ്രസീല്‍, മെക്‌സികോ, പെറു, യെമന്‍, നോര്‍ത്ത് മക്കഡോണിയ എന്നിവയാണ് സുരക്ഷിതത്വം കുറഞ്ഞ രാജ്യങ്ങള്‍.