ദുബായ്: ത്യാഗ സ്മരണകളുണര്‍ത്തി ഗള്‍ഫില്‍ ബലി പെരുനാള്‍ ആഘോഷം തുടങ്ങി. രാവിലെ 5.53 മുതല്‍ യുഎഇയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുനാള്‍ നമസ്കാരം നടന്നു. കോവിഡ്19 സുരക്ഷാ പാലിച്ചായിരുന്നു പ്രാര്‍ഥനകള്‍.
ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും ത്യാഗോജ്വല ജീവിതം മാതൃകയാക്കി ദൈവത്തിന് സര്‍വതും സമര്‍പ്പിച്ചാല്‍ വിജയം നേടാനാകുമെന്ന് ഇമാമുമാര്‍ ഖുത്ബയില്‍ ഉണര്‍ത്തിച്ചു. കോവിഡ് അകന്നുപോകുവാന്‍ പ്രത്യേക പ്രാര്‍ഥന നടത്തി.
അത്തറുപൂശി പുത്തനുടുപ്പിട്ടവര്‍ നമസ്കാരത്തിന് ശേഷം പരസ്പരം ആശംസകള്‍ കൈമാറി. പലരും പള്ളി പശ്ചാത്തലമാക്കി ചെയ്ത് ഫോട്ടോയെടുക്കുന്നതും കാണമായിരുന്നു. കുട്ടികള്‍ക്കം സ്ത്രീകള്‍ക്കും ഇപ്രാവശ്യം പള്ളികളിലും ഈദ്ഗാഹുകളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് താമസ സ്ഥലങ്ങളിലേയ്ക്ക് മടങ്ങിയവര്‍, നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ച് പെരുന്നാള്‍ ആശംസകളും വിശേഷങ്ങളും കൈമാറി.
കേരളത്തില്‍ നാളെ (ബുധന്‍) യാണ് പെരുന്നാള്‍. ബിരിയാണി സദ്യക്ക് ശേഷം വൈകിട്ടോടെയായിരിക്കും ആളുകള്‍ പുറത്തിറങ്ങുക. യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങളില്ല. വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കാനാണ് മിക്കവരും തീരുമാനിച്ചിട്ടുള്ളത്.
വൈകിട്ട് പാര്‍ക്കുകളിലും ബീച്ചുകളിലും സമയം ചെലവഴിക്കാനും പലരും ആഗ്രഹിക്കുന്നു. അല്ലാത്തവര്‍ പാട്ടുപാടിയും സൊറ പറഞ്ഞിരുന്നും താമസ സ്ഥലങ്ങളില്‍ ആഘോഷം കെങ്കേമമാക്കും. യുഎഇയിലും മറ്റും മാപ്പിളപ്പാട്ട് പരിപാടികള്‍ വൈകിട്ട് അരങ്ങേറും. പെരുന്നാള്‍ സിനിമകള്‍ ഇപ്രാവശ്യമില്ല.
തിരക്ക് പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗത സംവിധാനം പുനഃക്രമീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെ പാര്‍ക്കിങ്ങും സൗജന്യമാണ്. വിലക്കിഴിവ് ഏര്‍പ്പെടുത്തിയതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ വന്‍ കച്ചവടവും പ്രതീക്ഷിക്കുന്നു.