യുഎഇയിലെ ആദ്യ എഐ അധിഷ്ഠിത തേൻ പരിശോധനാ കേന്ദ്രം അബുദാബിയിലെ മസ്ദർ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. സെൻട്രൽ ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഭാഗമായാണ് പുതിയ പരിശോധനാ കേന്ദ്രം ആരംഭിച്ചത്. ആഗോള ടെക് കമ്പനിയായ എം42വിന്റെയും അബുദാബി ക്വാളിറ്റി ആൻഡ് കോൺഫോമിറ്റി കൗൺസിലിന്റെയും (എഡിക്യൂസിസി) നേതൃത്വത്തിൽ ജൂലൈ 2 നാണ് പരിശോധനാ കേന്ദ്രം നിലവിൽ വന്നത്. തേൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
തേനിലെ പഞ്ചസാരയുടെ അളവ്, ഈർപ്പത്തിൻ്റെ അളവ്, അസിഡിറ്റി, അന്താരാഷ്ട്ര നിലവാരം എന്നിവ ഉറപ്പ് വരുത്തുന്നതിനായി തേൻ ഉൽപ്പന്നങ്ങൾ ഇവിടെ പരിശോധിക്കും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തേനിലെ മായം, ഗുണനിലവാരം എന്നിവ മനസ്സിലാക്കാൻ സാധിക്കും. പ്രാദേശിക തേൻ ഉൽപ്പാദകരെ പിന്തുണയ്ക്കുകയും തേനിൻ്റെ ആഗോള വിപണിയിൽ അബുദാബിയുടെ സ്ഥാനം മെച്ചപ്പെടുത്തുകയുമാണ് പുതിയ പരിശോധനാ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് എഡിക്യുസിസി എക്സിക്യൂട്ടീവ് ഡയറക്ടറായ അബ്ദുല്ല അൽ മുഐനി പറഞ്ഞു.
നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ ലക്ഷ്യങ്ങൾക്കും മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ രംഗത്ത് പുതിയ ഒരു മാനദണ്ഡം തങ്ങൾ സ്ഥാപിക്കുകയാണെന്ന് എം42 സീനിയർ വൈസ് പ്രസിഡൻ്റ് അൽബറാ എൽഖാനി പറഞ്ഞു. കൂടാതെ, രോഗ ചികിത്സയ്ക്ക് മാത്രമല്ല പ്രതിരോധത്തിനും തങ്ങൾ മുൻതൂക്കം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം തേൻ പോലുള്ള ഉൽപ്പന്നങ്ങളിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിലൂടെ, ഞങ്ങൾ പരോക്ഷമായി ജൈവവൈവിധ്യത്തിന്റെ നില നിൽപ്പും ജനങ്ങളുടെ ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.