വേനലവധിക്കാലം തുടങ്ങിയതോടെ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. ജൂലൈ 6 ശനിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജൂലൈ 17വരെ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ 33 ലക്ഷം യാത്രക്കാര്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമെന്നാണ് കരുതുന്നത്. ഇതില്‍ 914,000 യാത്രക്കാര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരായിരിക്കും.
ജൂലൈ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ഏകദേശം 8,40,000 പേര്‍ ദുബായിലേക്ക് എത്തുന്നതാണ്. ജൂലൈ 13ന് മാത്രം 2.86,000 യാത്രക്കാര്‍ ദുബായ് എയര്‍പോര്‍ട്ടിലെത്തുമെന്നാണ് കരുതുന്നത്. ഇതോടെ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശം പുറത്തിറക്കി എയര്‍പോര്‍ട്ട് അധികൃതരും രംഗത്തെത്തി. യാത്ര പോകുന്നവര്‍ യാത്രയ്ക്ക് 4 മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്ന് അധികൃതര്‍ പറഞ്ഞു.
കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാന്‍ യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വ്വീസ് കിയോസ്‌കുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു. ലഗേജിന്റെ ഭാരം കൃത്യമായി നിശ്ചയിച്ച ശേഷം എയര്‍പോര്‍ട്ടിലേക്ക് എത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ പറഞ്ഞു. യാത്ര രേഖകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പവര്‍ ബാങ്ക്, ബാറ്ററികള്‍ എന്നിവ യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടെര്‍മിനല്‍ ഒന്നിലേക്കും ടെര്‍മിനല്‍ മൂന്നിലേക്കുമുള്ള യാത്രക്കാര്‍ ദുബായ് മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനകമ്പനികളില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.