കുവൈത്ത് സിറ്റി : ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ കുവൈത്ത് വാര്‍ത്ത ഏജന്‍സി(കുന)ക്ക് നല്‍കിയ പ്രസ്താവനയിലാണ് നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയത്. പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറാനും ഭക്ഷ്യസുരക്ഷ, നിക്ഷേപ അവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനും വിവിധ മേഖലകളിലെ വൈദഗ്ധ്യം പങ്കിടാനും സന്ദര്‍ശനം അവസരമൊരുക്കിയതായി പ്രസ്താവനയില്‍ മന്ത്രി അല്‍-യഹ്യ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് സന്ദര്‍ശനം. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം സംബന്ധിച്ച സമാന കാഴ്ചപ്പാടുകളും ആശങ്കളും ഇരു കൂട്ടരും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ അന്തിമമാക്കാനും ഈ സന്ദര്‍ശനം സഹായിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. ഞായറാഴ്ചയാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുവൈത്തില്‍ എത്തിയത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹ്, എന്നിവരുമായും ഡോ. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകള്‍ എസ്. ജയശങ്കര്‍ കുവൈത്ത് ഭരണാധികാരികളെ അറിയിച്ചു .