ദുബായ് : പത്തനാപുരം ഗാന്ധിഭവനിൽ നടത്തിവരുന്ന “സ്നേഹപ്രയാണം ആയിരം ദിനങ്ങൾ” പദ്ധതിയുടെ 506ആം ദിന സംഗമം കേരള നിയമസഭാ സ്പീക്കർ ശ്രീ എ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു.
പത്തനാപുരം എംഎൽഎ ശ്രീ കെ ബി ഗണേഷ് കുമാർ അധ്യക്ഷനായിരുന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, സത്യം, ധർമ്മം, ദയ, അഹിംസ എന്നിവ കാത്ത് പരിപാലിക്കണം, പ്രകൃതിയെയും സർവ്വ ജീവജാലങ്ങളെയും സംരക്ഷിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്കായി പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് സ്നേഹപ്രയാണം.
സ്നേഹപ്രയാണത്തിൻറെ 506 ആം ദിനത്തിൽ പന്തളം പോളിടെക്നിക് കോളേജ് അലൂമിനിയുടെ ഗ്ലോബൽ ഘടകമായ “പാം ഇന്റർനാഷണൽ” പ്രസിഡന്റ് ശ്രീ തുളസീധരൻ പിള്ളയെ അദ്ദേഹത്തിന്റെ നസീമമായ ജീവകാരുണ്യ പ്രവർത്തനങ്ങളെയും, പാം ഇന്റർനാഷണൽ എന്ന സംഘടന നടത്തിവരുന്ന ജനോപകാരപ്രദമായ പ്രവർത്തനങ്ങളെയും പരിഗണിച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.കഴിഞ്ഞവർഷം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ ഇന്റർനാഷണൽ ഹ്യൂമാനിറ്റി അവാർഡിനും പാം ഇന്റർനാഷണൽ അംഗീകാരം നേടുകയുണ്ടായി.
വാർത്ത : ജോസഫ് ജോൺ കാൽഗറി