സൗദി അറേബ്യയിലെ മദീനയിലുള്ള പ്രവാചകന്റെ പള്ളിയിലെത്തിയവര്‍ക്ക് ഇതിനോടകം 57,923 ടണ്‍ സംസം ജലം വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. 2024 തുടക്കം മുതലുള്ള കണക്കാണിത്.
സുരക്ഷിത്വവും ശുദ്ധിയും ഉറപ്പുവരുത്തുന്നതിനായി 3,348 ടാങ്കറുകളിലായാണ് പ്രവാചകന്റെ പള്ളിയിലേക്ക് സംസം ജലമെത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി സംസം ജലത്തിന്റെ 23000 സാമ്പിളുകള്‍ പരിശോധിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. സംസം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ദിനംപ്രതി 80ലധികം സാമ്പിളുകളുടെ പരിശോധനയും നടത്തിവരുന്നുണ്ട്.
എന്താണ് സംസം ജലം ?
ഇസ്ലാമില്‍ പ്രത്യേക പരിഗണന നല്കപ്പെട്ട പരിശുദ്ധമായ ജലമാണ് സംസം. മക്കയിലെ വിശുദ്ധ കഅ്ബയോട് ചേര്‍ന്നാണ് ഈ പുണ്യതീര്‍ത്ഥത്തിന്റെ ഉറവിടമായ കിണര്‍.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ചരിത്രമുണ്ട് സംസം കിണറിന് എന്നാണ് വിശ്വാസം. ഇസ്ലാം മത വിശ്വാസികള്‍ വളരെ വിശുദ്ധമായി കണക്കാക്കുന്നതാണ് സംസം ജലം. ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണ് ഇസ്ലാംമത വിശ്വാസികള്‍ സംസം ജലം കുടിക്കുന്നത്.
ആഗോള മുസ്ലീങ്ങള്‍ പുണ്യ തീര്‍ത്ഥമായി കണക്കാക്കുന്ന സംസം ജലം സംരക്ഷിക്കുന്നതില്‍ പല പദ്ധതികളും സൗദി ഭരണാധികാരികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍-സൗദ് രാജാവിന്റെ കാലം മുതല്‍ തന്നെ സംസം കിണറിന് പ്രത്യേക പരിഗണനയും ശ്രദ്ധയുമാണ് നല്‍കുന്നത്.
ഹിജ്റ 1345- ല്‍ സംസം ജലം തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഒരു പൊതു കുടിവെള്ള ഫൗണ്ടന് നിര്‍മ്മിക്കാന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടിരുന്നു.അടുത്ത വര്‍ഷം കുടിവെള്ളം നല്‍കുന്നതിനായി രാജാവ് മറ്റൊരു പൊതു ഇടം സൃഷ്ടിക്കുകയും സംസം കിണറിന് മൂടി സ്ഥാപിക്കുകയും ചെയ്തു. അതോടൊപ്പം സംസം കിണറിന്റെ അറ്റകുറ്റപ്പണികളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍വഹിച്ചു. പിന്നീട് സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് കിണറിന് സമീപം വെള്ളം പാഴാക്കുന്നത് തടയാന്‍ ഒരു പമ്പും, വിതരണത്തിനുള്ള ഒരു കെട്ടിടവും സ്ഥാപിച്ചു.
ഹിജ്റ 1377-ല്‍ പ്രദക്ഷിണ മേഖലയുടെ ആദ്യത്തെ വിപുലീകരണത്തിനുശേഷമാണ് സംസം കിണറിലേക്കുള്ള പ്രവേശനം താഴേക്ക് മാറ്റിയത്. ഇത് തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ വളരെയധികം സഹായകമായി.ഇതിനുശേഷം മതപരമായ ചടങ്ങുകളില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി 1393-ല്‍, ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, കിണറിന് രണ്ടാമത്തെ അടിത്തറയും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, ഗ്രാന്‍ഡ് മോസ്ക്കില്‍ നിരവധി വിപുലീകരണ പദ്ധതികളും നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുടിവെള്ളവും ഡ്രെയിനേജ് സംവിധാനവും ഉള്‍പ്പെടുത്തുകയും ശുദ്ധജലം, ഫൗണ്ടനുകള്‍ എന്നിവയ്ക്കായി രണ്ട് വലിയ പമ്പുകള്‍ സജ്ജീകരിക്കുകയും ചെയ്തു.
അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്താണ് സംസം വെള്ളം ഓട്ടോമാറ്റിക്കായി ശുദ്ധീകരിച്ച് കുപ്പിയില്‍ നിറച്ച് വിതരണം ചെയ്യുന്ന പദ്ധതി, നടപ്പിലാക്കിയത്. ഇത് കിംങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സംസം വാട്ടര്‍ പ്രോജക്ട് എന്ന പേരിലാണ് പ്രസിദ്ധമായത്. വിശുദ്ധ ജലത്തിന്റെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കികൊണ്ടാണ് ഈ പദ്ധതിയിലൂടെ സംസം ജലം വിതരണം ചെയ്തത്.
ഹിജ്റ 1439-ല്‍ അണുവിമുക്തമാക്കല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, കിണറിന് ചുറ്റുമുള്ള പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ് സംസം കിണറിന്റെ പുനരുദ്ധാരണം നടപ്പിലാക്കി. നിലവില്‍ കിണറ്റില്‍ നിന്ന് സംസം ജലം രണ്ട് ഭീമന് പമ്പുകളിലൂടെ മണിക്കൂറില്‍ 360 ക്യുബിക് മീറ്റര്‍ പമ്പ് ചെയ്താണ് ഗ്രാന്‍ഡ് മോസ്കിലേക്കും പ്രവാചക പള്ളിയിലേക്കും കൊണ്ടുപോകുന്നത്. എയര്‍ ചേമ്പറുകള്‍, ക്ലീനിംഗ് ചേമ്പറുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവകൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 4 കിലോമീറ്റര്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പ്ലൈനുകളുടെ ശൃംഖല ഉപയോഗിച്ചാണ് സംസം ജലം ലഭ്യമാക്കുന്നത്.