യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് ദേശീയദിന പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
2024 ലെ അവസാനത്തെ നീണ്ട വാരാന്ത്യം കൂടിയാണ് ഈ വർഷത്തെ ദേശീയ ദിന അവധി. ഡിസംബർ 2, 3 തീയതികളിൽ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വരുന്നു. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയാണ്. എന്നാൽ ഷാർജയിൽ, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയായതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം.
ഡിസംബർ രണ്ടിനാണ് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിൻ്റെ ഔദ്യോഗിക നാമം ഈദ് അൽ ഇത്തിഹാദ് എന്നാണ് അറിയപ്പെടുക. ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. 1971ല്‍ റാസ് അല്‍ ഖൈമയില്‍ വെച്ച് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ ആയതിന്റെ ഓര്‍മദിനമാണ് ദേശീയ ദിനമായി കൊണ്ടാടുന്നത്.
രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.