കുവൈത്ത് സിറ്റി : ചരിത്രസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും ഒടുവില്‍ കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി (1981ല്‍).
അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ സബാഹ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായി മോദി ചര്‍ച്ച നടത്തും. കുവൈത്തിലെ വ്യവസായ പ്രമുഖരെയും കാണും. ഹവല്ലി ഗവര്‍ണറേറ്റിലെ ബൊലിവിയാര്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. തൊഴിലാളി ക്യാംപ് സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം ജിസിസിയില്‍ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യം കുവൈത്താണ്.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയ കുവൈത്ത് സന്ദര്‍ശിക്കാനുള്ള ക്ഷണക്കത്ത് മോദിക്കു കൈമാറിയിരുന്നു. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി എത്രയും വേഗം കുവൈത്ത് സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന 79ാമത് യുഎന്‍ ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.