ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി ശബരി റെയിൽ പാത യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ദ്ധസംഘം ദിവസങ്ങൾക്കകമെത്തും. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ജൂലായിൽ ആരംഭിക്കും. 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചശേഷം പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു.
കേരളത്തിൽ വടക്ക് മുതൽ തെക്ക് വരെ മൂന്നും നാലും റെയിൽവേ പാതയ്ക്കായുള്ള പ്രവർത്തനത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലിഎരുമേലി പദ്ധതിക്കും കേരളത്തിൽ അനുവദിച്ച ഓവർ ബ്രിഡ്ജുകൾക്കും അണ്ടർ ബ്രിഡ്ജുകൾക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.
യുപിഎ സർക്കാരുകൾ കേരളത്തിന് അനുവദിച്ചിരുന്ന റെയിൽവേ ബജറ്റിനേക്കാൾ ഉയർന്ന തുകയാണ് നരേന്ദ്ര മോദി സർക്കാർ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്‌സിലൂടെ വ്യക്തമാക്കി.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 202526 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ റെയിൽവേ ബജറ്റ് ശരാശരി 372 കോടിയിൽ നിന്ന് (200914) 3,042 കോടിയായി വർധിപ്പിച്ചു’ എക്‌സിൽ റെയിൽവേ മന്ത്രി കുറിച്ചു.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് സംഘത്തിലുണ്ടായിരുന്ന മന്ത്രി വി. അബ്ദു റഹിമാൻ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി.തോമസും ഒപ്പമുണ്ടായിരുന്നു.
Two more railway lines in Kerala; Sabari Rail to become a reality