ദുഖപുത്രിയായി മലയാളി നേഴ്‌സ് രഞ്ജിത; ഈ വിയോഗം സഹിക്കാവുന്നതിലും അപ്പുറത്ത്‌

ദുഖപുത്രിയായി മലയാളി നേഴ്‌സ് രഞ്ജിത; ഈ വിയോഗം സഹിക്കാവുന്നതിലും അപ്പുറത്ത്‌

പത്തനംതിട്ട: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാറിന്റെ (42) വിയോഗത്തില്‍ വിതുമ്പുകയാണ് വീടും നാടും പ്രിയപ്പെട്ടവരുമെല്ലാം. പത്തുവര്‍ഷം മുമ്പ് ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ നേഴ്‌സായി ജോലി ചെയ്ത ശേഷം ഒരു പതിറ്റാണ്ട് മുമ്പാണ് രഞ്ജിത ഒമാനിലേക്ക് ജോലി മാറി പോയത്. പിന്നീട് ലണ്ടനിലേക്ക് മാറുകയായിരുന്നു.

നേരത്തെ ഹെല്‍ത്ത്‌സ്പ്രിങ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒമാനിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് 2011 കാലഘട്ടത്തില്‍ രഞ്ജിത ജോലി ചെയ്തിരുന്നത്. തുടക്ക കാലത്ത് ഇവിടെയുണ്ടായിരുന്ന രഞ്ജിത എല്ലാവര്ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു. എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം പെരുമാറുന്ന പ്രകൃതം.

ജീവിതപ്രാരാബ്ധങ്ങള്‍ കാരണം മികച്ച അവസരങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിനിടയിലാണ് രഞ്ജിത ഇത്തരമൊരു ദുരന്തത്തില്‍പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. അന്ന് രഞ്ജിതയ്ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവര്‍ക്കും അവരുടെ പെരുമാറ്റത്തെ കുറിച്ച് ഏറെ പറയാനുണ്ട്. ഖത്തറില്‍ നിന്ന് പോയ ശേഷം ഒന്‍പത് വര്‍ഷത്തോളം സലാലയില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത ശേഷമാണ് രഞ്ജിത ലണ്ടനിലേക്ക് പോയത്.

നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. ദീര്‍ഘകാല അവധിയെടുത്തിരുന്നു. അവധി പുതുക്കാനാണ് നാട്ടിലേയ്ക്ക് മൂന്നു ദിവസത്തെ അവധിയെടുത്ത് ലണ്ടനില്‍ നിന്നും എത്തിയത്. സ്വപ്നങ്ങളുടെ കൂടൊരുക്കാന്‍ ജന്മനാട്ടിലേക്ക് പറന്നെത്തിയ രഞ്ജിത ഗോപകുമാരന്‍ കര്‍മ്മഭൂമിയില്‍ നിന്ന് മടങ്ങുന്നതിനിടെ മരണത്തിന്റെ ചിറകിലേറി യാത്രയായി. സ്വന്തം വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നാട്ടിലെത്തിയതായിരുന്നു രഞ്ജിത.

യുകെയിലെ ആരോഗ്യമേഖലയില്‍ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത ഗോപകുമാരന്‍. വിദേശത്ത് ജോലിയെടുക്കുമ്പോഴും, സ്വന്തം നാടിനോടും കേരളത്തിലെ ആരോഗ്യസേവന രംഗത്ത് ഒരു കൈത്താങ്ങാകണമെന്ന മോഹവും രഞ്ജിതയുടെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നിരുന്നു. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. ഈ വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്തുന്നതിനും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് രഞ്ജിത ചെറിയൊരു അവധിയെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയത്.

ആകാംക്ഷകളോടെയും സന്തോഷത്തോടെയും സ്വന്തം വീടിന്റെ പണി കണ്ട്, തിരികെ കര്‍മ്മരംഗത്തേക്ക് മടങ്ങുന്നതിനായി രഞ്ജിത ബുധനാഴ്ചയാണ് യാത്ര ആരംഭിച്ചത്. കൊച്ചിയിലേക്ക് ട്രെയിന്‍ മാര്‍ഗം തിരിച്ച അവര്‍ അവിടെ നിന്ന് വിമാനത്തില്‍ അഹമ്മദാബാദിലെത്തി. അവിടെ നിന്നാണ്, ദുരന്തത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ നമ്പര്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് കേവലം സെക്കന്റുകള്‍ക്കകം വിമാനം തകരുകയും, രഞ്ജിതയുടെ ജീവിത യാത്ര അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു.

രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം ഭര്‍ത്താവ് വിനീഷിനും മക്കളായ റിതികയ്ക്കും ഇന്ദുചൂഡനും ക്യാന്‍സര്‍ രോഗബാധിതയായ അമ്മ തുളസിക്കും ജീവിതത്തില്‍ താങ്ങാനാവാത്ത ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷയുമായിരുന്ന രഞ്ജിതയുടെ വേര്‍പാട് അവരെ പൂര്‍ണ്ണമായും തളര്‍ത്തിക്കളഞ്ഞു.

പുതിയ വീടെന്ന സ്വപ്നം ബാക്കിവച്ച നിരവധി ആഗ്രഹങ്ങളും ഭാവി പദ്ധതികളും മനസ്സില്‍ പേറി യാത്ര തിരിച്ച രഞ്ജിതയുടെ മരണം ഈ കുടുംബത്തിന് തീരാകണ്ണീരാണ്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൊലിഞ്ഞ എണ്ണമറ്റ ജീവിതങ്ങളുടെയും പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളുടെയും ഹൃദയഭേദകമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി രഞ്ജിതയുടെ ദുരന്തകഥ മാറുന്നു.

Ahmedabad plane crash-Malayalee nurse Ranjitha Gopakumar a sad memory

Share Email
LATEST
More Articles
Top