അഖിൽ പി ധർമജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം, സോഷ്യൽ മീഡിയ ആഘോഷമാക്കിയ സിനിമാറ്റിക് നോവൽ, അഖിൽ രചിച്ച ‘റാം C/o ആനന്ദി’

അഖിൽ പി ധർമജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം, സോഷ്യൽ മീഡിയ ആഘോഷമാക്കിയ സിനിമാറ്റിക് നോവൽ, അഖിൽ രചിച്ച ‘റാം C/o ആനന്ദി’

ന്യൂഡൽഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം അഖിൽ പി ധർമജന്. അഖിൽ രചിച്ച ‘റാം C/o ആനന്ദി’ എന്ന നോവലിനാണ് ഈ അംഗീകാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വില്പനയിൽ റെക്കാഡ് സൃഷ്ടിച്ച ഒരു നോവലാണ് ‘റാം C/o ആനന്ദി’

കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു അവാർഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ ചേരണമെന്ന ആഗ്രഹവുമായി ചെന്നൈയിൽ എത്തിച്ചേർന്ന റാം എന്ന യുവാവിന്റെ അനനുഭവങ്ങളാണ് അഖിൽ ധർമ്മജൻ എഴുതിയ ‘റാം C/o ആനന്ദി’ എന്ന നോവലിന്റെ ഇതിവൃത്തം.

നിഗൂഢത പേറുന്ന ആനന്ദിയും ചില കഥാസന്ദർഭങ്ങളും വായന ഉദ്വാഗജനകമാക്കും. ആനന്ദി നടന്നുതീർത്ത കനൽവഴികൾ നമ്മെ സംഭീതരാക്കും. ചെന്നൈ നഗരത്തിലെ ഓരോ യാത്രയും നാം ഹൃദയത്തിൽ അടയാളപ്പെടുത്തും. വെട്രിയോടും രേഷ്മയോടുമൊപ്പം വാണിയമ്പാടി എന്ന സ്ഥലത്തേക്ക് പോകുമ്പോൾ യാത്ര ചെയ്ത പ്രതീതി ഉളവാക്കും.

അത്രയേറെ യാഥാർത്ഥ്യബോധത്തോടെ കൃത്രിമ അലങ്കാരങ്ങളുടെ മുഴപ്പുകളില്ലാതെ കഥാകാരൻ നേരിട്ട് കഥ പറയുകയാണ്. പാട്ടിയുടെ സ്‌നേഹം ഹൃദയത്തിൽ നിറയും. സ്വാർത്ഥമായ സുഖത്തിനായി അബലരോട് ദയവുകാണിക്കാത്ത കരുത്തരുടെ ദാർഷ്ട്യത്തെ അത്യന്തം തീക്ഷ്ണതയോടെ പുസ്തകത്തിൽ വരച്ചുചേർത്തിട്ടുണ്ട്.

അതനുഭവിക്കുമ്പോൾ വ്യവസ്ഥിതിയോട് അമർഷം തോന്നുക സ്വാഭാവികമാണ്.അത്രമേൽ ആഴത്തിൽ പടർന്നുകയറി നോവിറ്റിക്കാൻ ട്രാൻസ്‌ജെൻഡറായ മല്ലിയെന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വിശേഷങ്ങളുടെ പെരുമഴയിൽ ഒലിച്ചുവരുന്ന വ്യത്യസ്ത വിഭവങ്ങളിലെ ഒരെണ്ണം മാത്രമാണ് ട്രാൻസ്ജൻഡേർസ്. പ്രണയവും പ്രതികാരവും അതിജീവനവും ഒരേപോലെ സമന്വയിച്ചിട്ടുണ്ട് ഈ നോവലിൽ. ലളിതഭാഷയിൽ മനോഹരമാക്കിയ ഓരോ മുഹൂർത്തവും നമ്മെയും കൈപിടിച്ചുകൊണ്ട് പോകുന്ന തരത്തിൽ പൂർത്തിയാക്കപ്പെട്ട ഒരു രചന. റാം ഒളിപ്പിച്ചുവെച്ച ചില വിശേഷങ്ങളുണ്ട് നോവലിൽ .

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് അഖിൽ പി ധർമ്മജൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്…!സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്…ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകൾ’.. അഖിൽ കുറിച്ചു.
ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്ന അഖിൽ പി. ധർമ്മജൻ 1993ൽ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: കെ.വി. ധർമ്മജൻ, മാതാവ്: മഹേശ്വരി ധർമ്മജൻ. മെക്കാനിക്കൽ ഐ.ടി.ഐ. ബിരുദം. ഫിലിം മേക്കിങ്ങിലും ഡിപ്ലോമ നേടിയിട്ടുണ്ട്.

Akhil P Dharmajan receives Kendra Sahitya Akademi’s Yuva Puraskar, ‘Ram C/o Anandi’, a cinematic novel that has become a social media sensation.

Share Email
Top