ടെഹ്റാന്: ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്‍് ഡോണാള്‍ഡ് ട്രമ്പിന്റെ അന്ത്യശാസനം ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളിയതോടെ യുദ്ധത്തില്‍ അമേരിക്ക രംഗപ്രവേശനം ചെയ്യാനുള്ള സാധ്യതയേറുന്നു. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന് കീഴടങ്ങില്ലെന്നും ഖമനേയി വ്യക്തമാക്കി. ഇറാന് ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു.
”ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല, അവരുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്കക്കാര്‍ അറിയണം. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല…” ഖമനേയി മുന്നറിയിപ്പ് നല്കി.
ഇറാന് നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോള്‍ വധിക്കില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ പശ്ചിമേഷ്യയിലെ ഏതൊരു അമേരിക്കന്‍ ഇടപെടലും പ്രദേശത്ത് പൂര്ണ്ണയുദ്ധത്തിന് കാരണമാകുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചിരുന്നു.
Ayatollah Ali Khamenei rejected Trump’s demand for unconditional surrender