ഭാരതാംബ ചിത്ര വിവാദം; സര്‍ക്കാരിന്റെ എതിര്‍പ്പ് രേഖാമൂലം രാജ്ഭവനെ അറിയിക്കും

ഭാരതാംബ ചിത്ര വിവാദം; സര്‍ക്കാരിന്റെ എതിര്‍പ്പ് രേഖാമൂലം രാജ്ഭവനെ അറിയിക്കും

തിരുവനന്തപുരം: ഭാരതംബ ചിത്രവിവാദത്തില്‍ രേഖാമൂലം രാജ്ഭവനെ എതിര്‍പ്പറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി രേഖാമൂലമായിരിക്കും ഗവര്‍ണറെ എഏതിര്‍പ്പ് അറിയിക്കുക. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗീക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവു എന്നും മറ്റു ചിന്നങ്ങംള്‍ ഒന്നും ഉപയോഗിക്കരുതെന്നും കത്തില്‍ സൂചിപ്പിക്കും.മന്ത്രിമാരായ പി. പ്രസാദ്, വി. ശിവന്‍കുട്ടി എന്നിവര്‍ രാജ്ഭവനില്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്ര വിവാദമുണ്ടാകുകയും ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഭാരതാംബ ചിത്രം മാറ്റില്ലെന്ന നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായതും സര്‍ക്കാര്‍ രേഖാമൂലം ഗവര്‍ണര്‍ക്ക് കത്ത് നല്കാന്‍ തീരുമാനിച്ചത്.

ഭാരതാംബ ചിത്രവിവാദത്തില്‍ പിന്നോട്ടില്ലെന്നു രാജ്ഭവനും, സര്‍ക്കാരിന്റെ ഔദ്യോഗീക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണമോ എന്നതില്‍ പരിശോധനയുമായി സര്‍ക്കാരും രംഗത്തു വന്നതോടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുറന്നിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള ഏറ്റമുട്ടലിനു ശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി വന്നതോടെ പോര് തത്കാലത്തേയ്ക്ക് ശമിച്ചിരുന്നതാണ്.എന്നാല്‍ വിവാദത്തോടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഈ മാസം ആദ്യം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോള്‍ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കയാണ്.

രാജ്ഭവനില്‍ ഭാരതാംബ ചിത്രവിവാദമുണ്ടാവുകയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കിയത്.താന്‍ പരിപാടിക്കായി രാജ്ഭവനില്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ് കാണുന്നതെന്നും ആശംസാ പ്രസംഗം നടത്തിയ ശേഷം തന്റെ പ്രതിഷേധം അറിയിച്ച് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി അന്ന് പറഞ്ഞിരുന്നു.

സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടികളില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ശിവന്‍കുട്ടി വ്യക്തമാക്കി.ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനു മുകളിലല്ലെന്നു കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.ഈ മാസം അഞ്ചിന് രാജ് ഭവനില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തില്‍ ഇതേ ചിത്രം വച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി.പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി അറിയിച്ച് അന്ന് പരിപാടിയില്‍ നിന്നും കൃഷി മന്ത്രി വിട്ടു നില്ക്കുകയും ദര്‍ബാര്‍ ഹാളില്‍ പരിപാടി സംഘടിപ്പിക്കുകയുമായിരുന്നു.

ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയും ചിത്രത്തിന്റെ പേരില്‍ രാജ്ഭവന്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത്. മന്ത്രി ചടങ്ങിനിടെ ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും രാജ്ഭവനേയും ഗവര്‍ണറേയും അവഹേളിക്കുന്ന നടപടിയാമെന്നും രാജ്ഭവന്‍ പത്രക്കുറിപ്പിലറിയിച്ചു. എന്നാല്‍ രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നു മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു.

ഗവര്‍ണറുടെ നിലപാടിനെതിരേ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് രേഖാമൂലം നല്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

.Bharatamba controversy; Government’s objection will be conveyed in writing to Raj Bhavan

Share Email
LATEST
Top