ഭാരതാംബ ചിത്രവിവാദം: ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര്‍മുഖം തുറന്നു, സര്‍ക്കാര്‍ പരിപാടികള്‍ രാജ്ഭവനില്‍ നടത്തുന്നത് പുനരാലോചനയില്‍

ഭാരതാംബ ചിത്രവിവാദം: ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര്‍മുഖം തുറന്നു, സര്‍ക്കാര്‍ പരിപാടികള്‍ രാജ്ഭവനില്‍ നടത്തുന്നത് പുനരാലോചനയില്‍

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ പിന്നോട്ടില്ലെന്നു രാജ്ഭവനും,  സര്‍ക്കാരിന്റെ  ഔദ്യോഗീക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണമോ എന്നതില്‍ പരിശോധനയുമായി സര്‍ക്കാരും രംഗത്തു വന്നതോടെ വീണ്ടും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുറന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള ഏറ്റമുട്ടലിനു ശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി വന്നതോടെ പോര് തത്കാലത്തേയ്ക്ക് ശമിച്ചിരുന്നതാണ്. എന്നാല്‍ ഭാരതാംബ ചിത്ര വിവാദത്തോടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഈ മാസം ആദ്യം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോള്‍ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കയാണ്.

ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അതിരൂക്ഷമായ പോര് ഉണ്ടാവുകയും ഏറ്റവുമൊടുവില്‍ കേരളാ പോലീസിനു തനിക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് കേന്ദ്ര സേനയുടെ സുരക്ഷ വരെ ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് ഒരുക്കിയിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  ഗവര്‍ണര്‍ക്കെതിരേ  അന്ന് തുടര്‍ച്ചയായി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സ്ഥിതിയിലേക്കാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്.

ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരിനു പിന്തുണയുമായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും രംഗത്തു വന്നപ്പോള്‍ സര്‍ക്കാരിനെതിരായി എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ മൂര്‍ച്ഛിക്കുമെന്നുറപ്പ്.
രാജ്ഭവനില്‍ ഇന്നലെ വീണ്ടും ഭാരതാംബ ചിത്രവിവാദമുണ്ടാവുകയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കിയത്.


താന്‍ പരിപാടിക്കായി രാജ്ഭവനില്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ് കാണുന്നതെന്നും ആശംസാ പ്രസംഗം നടത്തിയ ശേഷം തന്റെ പ്രതിഷേധം അറിയിച്ച് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടികളില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ശിവന്‍കുട്ടി വ്യക്തമാക്കി. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനു മുകളിലല്ലെന്നു കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.


ഈ മാസം അഞ്ചിന് രാജ് ഭവനില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തില്‍  ഇതേ ചിത്രം വച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി.പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി അറിയിച്ച് അന്ന് പരിപാടിയില്‍ നിന്നും കൃഷി മന്ത്രി വിട്ടു നില്ക്കുകയും ദര്‍ബാര്‍ ഹാളില്‍ പരിപാടി സംഘടിപ്പിക്കുകയുമായിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രിയും ചിത്രത്തിന്റെ പേരില്‍ രാജ്ഭവന്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത്. മന്ത്രി ചടങ്ങിനിടെ ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും രാജ്ഭവനേയും ഗവര്‍ണറേയും അവഹേളിക്കുന്ന നടപടിയാമെന്നും രാജ്ഭവന്‍ പത്രക്കുറിപ്പിലറിയിച്ചു. എന്നാല്‍ രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നു മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു.  ഗവര്‍ണറുടെ നിലപാടിനെതിരേ എസ്എഫ്‌ഐയുടെ നേതൃത്ത്തില്‍ രാജ്ഭവനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Bharatamba picture controversy: Governor-government battle opens
Share Email
LATEST
More Articles
Top