ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയാകുന്ന ആദ്യ വനിതയായി ബ്ലെയ്‌സ് മെട്രവെലി

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയാകുന്ന ആദ്യ വനിതയായി ബ്ലെയ്‌സ് മെട്രവെലി

ലണ്ടൻ: നിലവിൽവന്ന് 116-ാം വർഷം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ6-നെ (സീക്രട്ട് ഇന്റലിജൻസ് സർവീസ്) നയിക്കാൻ വനിതയെത്തുന്നു; നാൽപ്പത്തിയേഴുകാരി ബ്ലെയ്‌സ് മെട്രവെലി. ഇക്കൊല്ലം അവസാനത്തോടെ അവർ എംഐ6-ന്റെ ‘സി’യാകും. ‘ജെയിംസ് ബോണ്ടി’ലെ ‘എമ്മി’നെപ്പോലെ. പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ ഞായറാഴ്ചയാണ് മെട്രവെലിയുടെ നിയമനം അറിയിച്ചത്.

എംഐ6 മേധാവിയെ പരാമർശിക്കുന്ന അക്ഷരമാണ് ‘സി’. മേധാവിയൊഴികെ എംഐ6-ലെ മറ്റാരുടെയും പേര് പരസ്യമാക്കില്ല. വിദേശകാര്യമന്ത്രിയുടെ കീഴിലാണ് ‘സി’യുടെ പ്രവർത്തനം.

നിലവിൽ എംഐ6-ലെ ഡയറക്ടർ ജനറലാണ് (ക്യു) മെട്രവെലി. സാങ്കേതികവിദ്യയുടെയും നൂതനകാര്യങ്ങൾ ആവിഷ്കരിക്കുന്നതിന്റെയും ചുമതലയാണ് ‘ക്യു’വിന്റേത്. ഇതിനുമുൻപ്‌ എംഐ5-ൽ ഡയക്ടർതല ചുമതല വഹിച്ചിരുന്നു അവർ.

സർ റിച്ചഡ് മൂറാണ് നിലവിൽ എംഐ6 മേധാവി. അദ്ദേഹത്തിന്റെ കാലാവധി ഇക്കൊല്ലം നവംബറോടെ അവസാനിക്കുമ്പോൾ മെട്രവെലി ചുമതലയേൽക്കും.

കേംബ്രിജ് സർവകലാശാലയിലെ പെംബ്രോക് കോളേജിൽ നരവംശശാസ്ത്രം പഠിച്ച മെട്രവെലി 1999 മുതൽ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥയാണ്. പശ്ചിമേഷ്യയും യൂറോപ്പുമായിരുന്നു പ്രധാന പ്രവർത്തനമേഖലകൾ.

ഇയാൻ ഫ്ലെമിങ്ങിന്റെ നോവലുകളെ ആധാരമാക്കിയിറങ്ങിയ ‘ജെയിംസ് ബോണ്ട്’ ചലച്ചിത്രപരമ്പരയിൽ ഡെയിം ജൂഡി ഡെഞ്ചാണ് ‘സി’ക്കു തുല്യമായ ‘എമ്മി’നെ അവതരിപ്പിച്ചത്.

Blaise Metreveli becomes first woman to head British intelligence agency

Share Email
Top