ന്യൂഡല്‍ഹി: 2026 ആകുമ്പോഴേക്കും 500 രൂപ നോട്ടുകളും നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2026-ല്‍ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കും എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയാണ് പരത്തിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇത് തികച്ചും വ്യാജവാര്‍ത്തയാണെന്നും, ആളുകള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
‘കാപിറ്റല്‍ ടിവി’ എന്ന യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ 500 രൂപ നോട്ടുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നായിരുന്നു 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറഞ്ഞിരുന്നത്. അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
2016-ലെ സമ്പൂര്‍ണ്ണ നോട്ട് നിരോധനത്തിനുശേഷം പുറത്തിറക്കിയ 500 രൂപ നോട്ടുകളാണ് നിലവില്‍ ജനങ്ങളുടെ കൈവശമുള്ളത്. രാജ്യത്ത് നടക്കുന്ന അഴിമതികള്‍ തടയുന്നതിനും, കള്ളനോട്ട്, കള്ളപ്പണം എന്നിവ തുടച്ചുനീക്കുന്നതിനും വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അന്നത്തെ നീക്കം.
2016 നവംബര്‍ 8-ന് നിരോധിച്ച 500 രൂപ നോട്ടുകള്‍ക്ക് പകരം രണ്ടു ദിവസത്തിനുശേഷം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കി. 1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുകയും പകരം 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പിന്നീട് 2023 മെയ് മാസത്തില്‍ 2000 രൂപയുടെ നോട്ടുകളും നിര്‍ത്തലാക്കിയിരുന്നു.
Central government clarifies no ban on 500 rupee notes