ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി

ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടെയും വിതരണ ചടങ്ങ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  2021, 2022, 2023 വര്‍ഷങ്ങളിലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും 2022, 2023 വര്‍ഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

അടിയന്തിരാവസ്ഥ കാലഘട്ടത്തിലെപോലെ നിലവിലെ സാഹചര്യത്തിലും  മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴിതെല്ലാം ഓര്‍ക്കുമ്പോള്‍ ആ ഭൂതകാലത്തെ അനുകരിക്കും വിധത്തില്‍ തന്നെയാണ് വര്‍ത്തമാനവും എന്നു തോന്നും. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊല ചെയ്ത സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലോകത്തെവിടെയും വംശീയതയും വര്‍ഗീയതയും വേരോടുമ്പോള്‍ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തന്നെയാകും. ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴില്‍ മേഖലയെയും സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിച്ച മുഖ്യമന്ത്രി, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞു. ആവുന്നത്ര നിഷ്പക്ഷമായി ദീര്‍ഘകാലം നേരിട്ടു നിയമസഭ റിപ്പോര്‍ട്ടു ചെയ്ത പ്രഗത്ഭ പത്രപ്രവര്‍ത്തകനാണ് കെ ജി പരമേശ്വരന്‍ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളകൗമുദിയുടെ ഒരു ഘട്ടത്തിന്റെ പ്രതീകമായിരുന്ന കെ.ജി, പത്രപ്രവര്‍ത്തനത്തെ കളങ്കം പുരളാത്ത പ്രൊഫഷനായി കണ്ട മാധ്യമ ജന്റില്‍മാനാണെന്ന് കൂട്ടിച്ചേര്‍ത്തു.

എന്‍. അശോകന്റെ അരനൂറ്റാണ്ടിലേറെ നീണ്ട മാധ്യമ ജീവിതത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പതിറ്റാണ്ടുകളായി മാതൃഭൂമി ഡല്‍ഹി ബ്യൂറോയുടെ പര്യായമായി മാറിയ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നു പറഞ്ഞു. ഏഴാച്ചേരി രാമചന്ദ്രന്റെ സാഹിത്യ-മാധ്യമ സംഭാവനകളെ പരാമര്‍ശിച്ച മുഖ്യമന്ത്രി  കവിത്വത്തെയും പത്രപ്രവര്‍ത്തനത്തെയും ഇണക്കിക്കൊണ്ടുപോയ വ്യക്തിയാണ് അദ്ദേഹമെന്നും എപ്പോഴും  പുരോഗമന പക്ഷത്ത് ഉറച്ചുനിന്നയാളാണെന്നും അഭിപ്രായപ്പെട്ടു.

Chief Minister says press freedom in India is low even though the Constitution guarantees freedom of expression
Share Email
Top