കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട, പിടികൂടിയത് 409 കോടിയുടെ കൊക്കെയ്ന്‍, പിടിയിലായ 9 പേരിൽ 7 പേർ ഇന്ത്യൻ വംശജർ

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട, പിടികൂടിയത് 409 കോടിയുടെ കൊക്കെയ്ന്‍, പിടിയിലായ 9 പേരിൽ 7 പേർ ഇന്ത്യൻ വംശജർ

ടൊറന്റോ: ഏകദേശം 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ന്‍ കനേഡിയന്‍ പൊലീസ് പിടികൂടി. ‘പ്രോജക്ട് പെലിക്കണ്‍’ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് നടപടി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഏഴ് ഇന്ത്യന്‍ വംശജരുമുണ്ട്. അറസ്റ്റിലായവര്‍ ഖലിസ്ഥാന്‍ അനുഭാവികളാണെന്ന് സംശയമുണ്ട്. ഇവര്‍ക്കെതിരേ 35 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്നുവേട്ടയാണിത്.

ലഹരിമരുന്നുവഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിലെ സുപ്രധാനകണ്ടെത്തല്‍.

ഉയര്‍ന്ന മൂല്യമുള്ള മെക്‌സിക്കന്‍ കൊക്കെയ്‌നുകള്‍ കടത്താന്‍ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യുഎസില്‍ നിന്ന് കാനഡയിലേക്ക് ചരക്കുകള്‍ കടത്താന്‍ ഉപയോഗിച്ചുവരുന്ന ട്രക്ക് റൂട്ടുകളാണ് ഈ സംഘവും ഉപയോഗിച്ചുവന്നത്. മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണക്കാരുമായി സംഘത്തിന് ബന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഏജന്‍സികള്‍ തുടക്കമിട്ടത്. യുഎസ്-കാനഡ ചരക്കുപാത കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബറോടെ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വിവിധ ട്രക്ക് കമ്പനികളുടെ സ്റ്റോറേജ് കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഏതൊക്കെ ട്രക്ക് കമ്പനികളെയാണ് സംഘം ഉപയോഗിച്ചതെന്നും തിരിച്ചറിഞ്ഞു. കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ), യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്.

cocaine worth Rs 409 crore seized in Canada

Share Email
Top