ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിൽ ഇന്റര്‍നെറ്റ് റദ്ദാക്കി. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു. മെയ്‌തേയ് വിഭാഗത്തിന്റെ തീവ്രസ്വഭാവമുള്ള സംഘടന ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പ് നടന്നു. ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് ചെയ്തിരുന്നു.
2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് നടന്നത്. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്തുനിന്നു പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
മണിപ്പൂരിലെ വംശീയ കലാപത്തിന്റെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യാണ് അന്വേഷിക്കുന്നത്. ഇരുവിഭാഗത്തിലുമുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുമ്പോഴൊക്കെ വലിയ എതിര്‍പ്പാണ് അന്വേഷണ ഉഗദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്.
conflict in Manipur again Internet suspended