വാന്‍ ഹായ് കപ്പലിലെ കണ്ടെയ്‌നറുകള്‍ നാളെ മുതല്‍ കേരള തീരത്ത് അടിയാന്‍ സാധ്യത

വാന്‍ ഹായ് കപ്പലിലെ കണ്ടെയ്‌നറുകള്‍ നാളെ മുതല്‍ കേരള തീരത്ത് അടിയാന്‍ സാധ്യത

കോഴിക്കോട്: തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ നാളെയും മറ്റന്നാളും മുതല്‍ കേരളത്തിന്റെ വിവിധ തീരങ്ങളില്‍ അടിയുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും, ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായാണ് ഈ കണ്ടെയ്‌നറുകള്‍ വന്നടിയാന്‍ സാധ്യതയുള്ളത്. കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

അതെസമയം കപ്പലിലെ തീ കഴിഞ്ഞ ദിവസങ്ങളിലെ തീവ്ര പ്രയത്‌നത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കിയിരുന്നു. നാവികസേനയും ഇന്ത്യന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് നടത്തിയ സംയുക്ത ദൗത്യത്തിലൂടെയാണ് തീ നിയന്ത്രണത്തിലാക്കിയത്. ഡെക്കിലുള്ള രാസവസ്തുക്കള്‍ മൂലം വൈകിട്ടോടെ വീണ്ടും തീപിടിച്ച സംഭവമുണ്ടായി. ഇതും നിയന്ത്രണത്തിലാക്കാന്‍ കഴിയും. എങ്കിലും തീ പൂര്‍ണമായും കെട്ടിട്ടില്ല. ഇപ്പോഴും പുക പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

തീ പിടിച്ച കപ്പലിനെ കൂടുതല്‍ പുറങ്കടലിലേക്ക് നീക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇത് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്നും 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് കപ്പലിനെ മാറ്റിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മുമ്പ് കപ്പല്‍ കിടന്നിരുന്നത് 28 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു. മാത്രവുമല്ല, കപ്പല്‍ പതിയെ തെക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

ഇന്ത്യന്‍ നാവിക സേനയും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കപ്പലിനെ കെട്ടിവലിച്ച് നീക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് കുറഞ്ഞത് 50 നോട്ടിക്കല്‍ മൈല്‍ അകലേക്ക് കപ്പലിനെ മാറ്റാണ് നാവികസേന പ്രയത്‌നിക്കുന്നത്. വരും മണിക്കൂറുകളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതേണ്ടത്.

കണ്ണൂര്‍ അഴീക്കല്‍ തീരത്ത് നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ ഈ മാസം ഒന്‍പതിനാണ് വാന്‍ ഹായ് 503 എന്ന സിംഗപ്പൂര്‍ ചരക്ക് കപ്പലിന് തീ പിടിച്ചത്. കപ്പലില്‍ ഉള്ളത് സ്‌ഫോടക വസ്തുക്കളും മാരക വിഷപദാര്‍ങ്ങളും അടങ്ങിയ കണ്ടെയ്‌നറുകളുള്ളത് വലിയ ആശങ്ക കേരള തീരത്ത് പടര്‍ത്തി. ഹെലികോപ്റ്ററിലൂടെ തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറിയാണ് ഡെക്കിലെ തീ അണച്ചത്.

Containers from Van Hai 503 ship coming towards Kerala coast

Share Email
LATEST
Top