അപൂർവ കുരങ്ങുകളെയും തത്തയെയും കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

അപൂർവ കുരങ്ങുകളെയും തത്തയെയും കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ.

പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയിയും ഭാര്യ ആര്യമോളുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ ബാങ്കോക്കിൽ നിന്ന് എത്തിയ ടിജി 347 തായ് എയർവേയ്‌സ് വിമാനത്തിൽ നിന്ന് അറസ്റ്റിലായത്.

ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങളെയും പക്ഷിയെയും കണ്ടെത്തിയത്. ഇന്ത്യയിൽ വളർത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെടുന്നതുമാണ് ഇവ.

പിടിച്ചെടുത്തവയിൽ കോമൺ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞൻ കുരങ്ങന്മാരും, വൈറ്റ് ലിപ്ഡ് ടാമറിൻ എന്ന പേരിലുള്ള രണ്ട് കുഞ്ഞൻ കുരങ്ങന്മാരും, ഹയാസിന്ത് മക്കാവ് എന്ന അപൂർവയിനം തത്തയും ഉൾപ്പെടുന്നു.

ബ്രസീൽ, ബൊളീവിയ തുടങ്ങിയ ആമസോൺ വനങ്ങളിൽ കാണപ്പെടുന്നവയാണ് കോമൺ മാമോസെറ്റുകൾ. അര കിലോ വരെയാണ് ഇവയുടെ ഭാരം. ബ്രസീലിൽ കാണപ്പെടുന്ന വൈറ്റ് ലിപ്ഡ് ടാമറിനുകൾക്ക് 20 സെന്റീമീറ്റർ വരെ വലുപ്പവും 350 ഗ്രാം വരെ ഭാരവും ഉണ്ടാകും.

ബ്രസീലിൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹയാസിന്ത് മക്കാവുകൾക്ക് ഒരു മീറ്റർ വരെ നീളം വെക്കും, പറക്കുന്ന തത്തകളിൽ ഏറ്റവും വലുതാണിവ.

വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിന്റെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്.

അറസ്റ്റിലായ ദമ്പതികളെ കേരള വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.

Couple arrested at Nedumbassery airport for smuggling rare monkeys and parrots

Share Email
LATEST
More Articles
Top