തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍, കേരളത്തിലും സജീവ കേസുകളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തും ജാഗ്രത വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 192 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 1,679 ആയി ഉയര്‍ന്നു. രണ്ട് കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, രോഗലക്ഷണങ്ങളുള്ള എല്ലാവര്ക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. ആശുപത്രികളില്‍ ഓക്സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 5,000 കടന്നു. പഞ്ചാബിലും കര്‍ണാടകയിലും ഓരോ കോവിഡ് മരണങ്ങള് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗമുക്തി നേടിയതിനെ തുടര്‍ന്ന് 4,724 പേരെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് പിന്നില്‍ പുതിയ നാല് വകഭേദങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഈ പുതിയ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതലാണെങ്കിലും, അവയുടെ തീവ്രത താരതമ്യേന കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, രോഗം ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അനിവാര്യമാണ്.
COVID-19 cases rise in India and Kerala