കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നിലവില്‍ 1435 സജീവ കേസുകളുണ്ട്. ഇന്ത്യയില്‍ ആയിരത്തിലധികം സജീവ കേസുകളുള്ള ഏക സംസ്ഥാനം കേരളമാണ്. 506 കേസുകളുമായി മഹാരാഷ്ട്രയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ദേശീയതലത്തില്‍ ആകെ 3961 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയില്‍ 483, ഗുജറാത്തില്‍ 338, കര്‍ണാടകയില്‍ 253, തമിഴ്നാട്ടില്‍ 189, ഉത്തര്‍പ്രദേശില്‍ 157, ബംഗാളില്‍ 331 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. രോഗികളുടെ എണ്ണത്തിലെ ഈ വര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ, കേരളം ഉള്‍പ്പെടെ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമായ മരുന്നുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയേക്കുമെന്നും സൂചനകളുണ്ട്.

Covid cases rising in Kerala

Share Email
Top