തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും. അറബിക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടേയും ഫലമായാണ് മഴ ശക്തമാകുക. വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Cyclone: Heavy rain to hit the state from tomorrow