ലോസ്ആഞ്ചലസ്: സ്വന്തം പൗരന്മാരെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ച ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയുള്ള ജനകീയ രോഷം ആളിക്കത്തുമ്പോള്‍ അമേരിക്ക വിഭജിച്ച് കാലിഫോര്‍ണിയ പുതിയ രാജ്യമാക്കമമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഫെഡറല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റടിക്കുമ്പോഴെല്ലാം അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് പ്രത്യേക രാജ്യമാകണം എന്ന് കാലഫോര്‍ണിയയില്‍ ആവശ്യം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ ആവശ്യം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തതാണ് സാഹചര്യം വഷളാക്കിയത്. ഇതിനെതിരെ ലോസ്ആഞ്ചലസില്‍ വലിയ പ്രതിഷേധം അരങ്ങേറി. ചില ഭാഗങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്കും നയിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ ട്രംപ് സൈന്യത്തെ വിന്യസിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായി. അറസ്റ്റിലായവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കാലഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ തമ്പടിച്ചത്. പ്രതിഷേധം കനക്കുമെന്ന് കണ്ട് ഫെഡറല്‍ സൈന്യത്തെ വിന്യസിച്ചു.
ഈ നീക്കത്തിനെതിരെ കാലഫോര്‍ണിയ ഗവര്‍ണര്‍ രംഗത്തുവന്നു. സംസ്ഥാനത്തിന്റെ പരിധിയില്‍ കടന്നുകയറുകയാണ് ട്രംപ് ചെയ്യുന്നത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. ചില ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. കാലഎക്സിറ്റ്, ഫ്രീ കാലഫോര്‍ണിയ തുടങ്ങിയ ഹാഷ് ടാഗുകള്‍ അമേരിക്കയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ കാലഫോര്‍ണിയയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നിരുന്നുവത്രെ. ആക്ടിവിസ്റ്റ് മാര്‍ക്കസ് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍.
കാലഫോര്‍ണിയ റിപബ്ലിക് എന്ന കൊടി പിടിച്ചും പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം കൈകടത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ അമേരിക്കയുടെ ഒരു ഭാഗം പുതിയ രാജ്യമായി മാറുക എന്നത് എളുപ്പമല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗികമായ ആവശ്യം വന്നാല്‍, കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണം. മാത്രമല്ല, നാലില്‍ മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിക്കണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അസാധ്യമാണ്.
Divide USA and liberate California as new nation