ജോയ്സ് വര്‍ഗീസ് (കാനഡ)
കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടില്‍…. കാനഡയില്‍.
ഡോറയുടെ അമ്മയും അച്ഛനും തമ്മില്‍ പതിവ് വഴക്ക് നടക്കുകയാണ്.
അച്ഛന് അല്ലെങ്കില്‍ ജന്മത്തിനു കാരണക്കാരന്‍ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരില് അവസാനത്തെ ആള്. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവര്‍. തുടര്‍ച്ചയായുള്ള രാത്രിജീവിതത്തില്‍ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവര്‍. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവര്‍ക്കിടയില്‍ അറിയാതെ വന്നു പിറന്ന മകള്‍ ഡോറ. അവര്‍ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകര്‍ന്നുപൊടിയാവുന്ന ബന്ധത്തിലെ പൊടിപ്പ്.
ലഹരി, വിവേകത്തിനു മുകളില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, പരസ്പരം ഉച്ചത്തില്‍ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവര്‍ ഏറ്റുമുട്ടുമ്പോള്‍ കുഞ്ഞുഡോറ മുറിയുടെ മൂലയില്‍ പതുങ്ങി. തന്റെ ചെറിയ കിടക്കയില്‍ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരില്‍ ഒരാള്‍ ഇറങ്ങിപ്പോയി.
അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം തോന്നുന്ന ദിവസങ്ങളില്‍ മകളെ കൊഞ്ചിക്കുകയും സമ്മാനങ്ങളും ഭക്ഷണവും വാങ്ങികൊടുക്കുകയും ചെയ്യുന്ന അമ്മ ചില ദിവസങ്ങളില്‍ തന്റെ കുഞ്ഞിന് ഭക്ഷണം നല്കാന് മറന്നു ലഹരിയില്‍ മയങ്ങും. ചെറിയ ജോലികളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന മദ്യവും മരിഹ്വവാനയും. ചെറിയ വീട്ടില്‍ വൃത്തിഹീനമായ മുറിയില്‍ ശ്രദ്ധിക്കപ്പെടാത്ത ഡോറ തനിയെ കളിച്ചും വിശക്കുമ്പോള്‍ കരഞ്ഞും അയല്‍ക്കാരില്‍ വേദനയായി.
അവരുടെ അയല്‍ക്കാരിയായ പ്രായമുള്ള സ്ത്രീ, ജനല്‍ പടിയില്‍ കയറിയിരുന്നു കരയുന്ന ഡോറയില്‍ നിന്നും വിവരങ്ങള്‍ തിരക്കിയറിഞ്ഞു. Children’s Aid Society (CAS) സ്റ്റാഫിനെ വിവരമറിയിച്ചു. ചിതറി കിടക്കുന്ന പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞ കുപ്പികളും കൊണ്ടു ചെറിയ മുറികള്‍ നിറഞ്ഞിരുന്നു.
ചീഞ്ഞ ക്യാരറ്റ്, ക്യാബേജ് തുണ്ടുകളും പൂപ്പല്‍ പറ്റിയ റൊട്ടിയും മാത്രം നിറഞ്ഞ അടുക്കള അവരെ കുഞ്ഞിന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തി.
കുഞ്ഞിനെ വളര്‍ത്താനുള്ള മാനസിക പക്വത ഇല്ലാത്ത അമ്മയില്‍ നിന്നും നിയമപ്രകാരം എടുത്തുമാറ്റി. ഡോറയെ താത്കാലിക സംരക്ഷണത്തിനായി (Temporary care agreement)) ഏല്പിച്ചു.
‘സിംഗിള്‍ പാരന്റ് ‘ ആയിരുന്ന അമ്മയെ ലഹരി വിമോചന ചികിത്സക്കായി റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്മെന്റ് കേസ് ഫയല്‍ ചെയ്തു. നീണ്ട നിയമനടപടികള്‍ക്കു ശേഷം, ഡോറയെ ‘Crown ward’ ആയി പ്രഖ്യാപിച്ചു.
‘crown’ പഴയ ബ്രിട്ടീഷ് വാഴ്ചയില്‍ നിന്നും വന്ന വാക്കാണ് . സംരക്ഷണം എന്നര്‍ത്ഥമുള്ള ‘ward’ എന്ന വാക്കും ഇതിനോട് ചേരുമ്പോള്‍ ഇവര്‍ രാജ്യം സംരക്ഷിക്കുന്നവര്‍ ആകുന്നു. Crown ward ന്റെ സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഇതുപോലെ crown ward ആകുന്ന കുട്ടികള്‍ ഏറെയുണ്ട്. അവരെ രാജ്യം ഏറ്റെടുക്കുന്നു.
അനാഥാലയങ്ങളെക്കാള്‍ നല്ലത്, ഈ രാജ്യത്തുള്ള ‘ഫോസ്റ്റര്‍ കെയര്‍ ‘ സംവിധാനം ആണെന്ന് ഇവിടെ വിശ്വസിക്കപ്പെടുന്നു. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ വളരുന്നതാണ് നല്ലതെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
ചിലര്‍ ഫോസ്റ്റര്‍ പാരെന്റ്സ് ആകാന്‍ തയ്യാറാകുന്നു. ഗവണ്മെന്റ് ഇവരുടെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു ഇവര്‍ക്കു നല്ല രീതിയില്‍ കുട്ടികളെ വളര്‍ത്താന്‍ പറ്റുമെങ്കില്‍ മാത്രം കുഞ്ഞിനെ കൈമാറുന്നു. ഒരാള്‍ക്ക് മൂന്നു കുട്ടികളുടെ വരെ ഫോസ്റ്റര്‍ പേരെന്റ് ആകാം. ഗവണ്മെന്റ് നല്ലൊരു തുക മാസം ചിലവിനായി നല്കുന്നു. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്കുന്നതിനോടൊപ്പം കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങളും അവസ്ഥയും ഗവണ്മെന്റ് സ്റ്റാഫുമായി പങ്കുവെക്കാനുള്ള സ്വാതന്ത്ര്യവും നല്കുന്നു.
ഡോറയുടെ വാക്കുകളില്‍ ‘എന്റെ ഫോസ്റ്റര്‍ പേരെന്റ്സ് നല്ലവരായിരുന്നു. അവര്‍ എന്നെ വളര്‍ത്തുക മാത്രമല്ല, സ്നേഹിക്കുകയും ചെയ്തു. പക്ഷെ എല്ലാവരുടെ കാര്യവും അങ്ങനെയല്ല. ഞാന്‍ വളരെ ലക്കി ആയിരുന്നു.’
ആ കൂട്ടത്തില്‍ നിര്‍ഭാഗ്യരായ കുട്ടികളും ഉണ്ടെന്നു ചുരുക്കം.
സ്നേഹം അളന്നു തൂക്കി കൊടുക്കാന്‍ ഒരു ഗവണ്മെന്റ് സംവിധാനത്തിനും ഉത്തരവിടാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് ഡോറ തന്നെ ഭാഗ്യവതി എന്നു വിശേഷിപ്പിച്ചത്.
പതിനെട്ടു വയസ്സില്‍ ഈ സംരക്ഷണ സിസ്റ്റത്തില്‍ നിന്നും പുറത്താകുന്നു. പിന്നെ ഇവര്‍ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം ഇതിനെല്ലാം സ്വന്തമായി തുക കണ്ടെത്തണം. പല പാര്‍ട്ട് ടൈം ജോലികളിലൂടെ ബുദ്ധിമുട്ടി തന്നെയാണ് ഇവര്‍ ജീവിതം കരുപിടിപ്പിക്കുന്നത്.
ഡോറ, കടകളില്‍ സെയില്‍സ് ഗേള്‍, പാര്‍ട്ട് ടൈം ബേബി സിറ്റര്‍, ടൂറിസ്റ്റ് ഗൈഡ്, പൂന്തോട്ടപരിപാലനം തുടങ്ങി പല ജോലികളിലൂടെ വരുമാനം കണ്ടെത്തി പഠിത്തം തുടര്‍ന്നു. Crown Wardനു ലഭിക്കുന്ന ചില ഗ്രാന്റുകളും ചേര്‍ത്തുവെച്ചു ബിരുദം നേടുകയും ചെയ്തു. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച അനവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നു അവള് പറയുന്നു.
വിശാലമായ ലോകത്തില്‍ ഒറ്റപ്പെട്ടു പോയെന്ന തോന്നല്‍, സാമ്പത്തിക പ്രശ്നങ്ങള്‍, നിയന്ത്രണങ്ങള്‍ ഇല്ലാതാകുമ്പോള്‍ പ്രലോഭനങ്ങള്‍ ചെറുത്തു നില്ക്കാന് കഴിയാതാവുന്നത്, ഇതെല്ലാം ഇവരെ അച്ചടക്കമില്ലാത്ത ജീവിതത്തിലേക്കും പ്രായേണ ഇവരുടെ നാശത്തിലേക്കും വഴിവെക്കുന്നു.
ജോലിക്കിടയില്‍ പരിചയപ്പെട്ട റിക്ക് എന്നുപേരുള്ള ചെറുപ്പക്കാരന്, ഡോറയുടെ നല്ല സുഹൃത്തായിമാറി.
“What’s your weekend plan?”
ഈ വാരാന്ത്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന റിക്കിന്റെ ചോദ്യത്തിന് അവള് തോള് കുലുക്കി, മറുപടി പറഞ്ഞു.
“Nothing Special”
“There is a concert coming up, do you want to be my date?” മാന്യമായ ആ പ്രണയാഭ്യര്‍ത്ഥന ഡോറ നിരസിച്ചില്ല.
പിന്നീട്, പാട്ടും നൃത്തവും പുറത്തെ ഭക്ഷണവും അവര്‍ ഒന്നിച്ചു ആസ്വദിച്ചു. രണ്ടുപേരും ഒരുമിച്ചു ചെറിയ യാത്രകള്‍ ചെയ്തു. നാടകവും സിനിമയും ചില വാരാന്ത്യങ്ങളില്‍ കാഴ്ചയെ സമ്പന്നമാക്കി. വേനലില്‍ കടല്‍ത്തീരങ്ങളും ഗ്രീഷ്മത്തിലെ തണുത്തുറഞ്ഞ മഞ്ഞില്‍ സ്കെറ്റ് (skate) റിങ്ങുകളിലും അവര്‍ ഒന്നായി തെന്നിയൊഴുകി. വസന്തത്തില്‍ പൂക്കളുടെ ഭംഗിയും ശിശിരത്തില്‍ മേപ്പിള്‍ ഇലകളുടെ ഓറഞ്ച് ചുവപ്പു വര്‍ണങ്ങളും അവരില്‍ പ്രണയം നിറച്ചു.
സമയമെടുത്ത്, പരസ്പരം നന്നായി മനസ്സിലാക്കി അവര്‍ ജീവിതം പങ്കുവെക്കാന്‍ തീരുമാനിച്ചു.
‘നമ്മള് സെറ്റല്‍ (settle) ആയല്ലോ, ഇനി ഒരു കുഞ്ഞിനെക്കുറിച്ചു ആലോചിച്ചുകൂടെ?’, റിക്ക് ഡോറയുടെ മുഖത്തു നോക്കി.
‘ഒരിക്കല്‍പ്പോലും മകളെ അന്വേഷിച്ചു വരാത്ത എന്റെ അമ്മയെപ്പോലെ ആകുമോ ഞാന്‍?’,
ഡോറയെ അസുഖകരമായ ഓര്‍മ്മകള്‍ വലയം ചെയ്യാന്‍ തുടങ്ങിയെന്നു റിക്ക് അറിഞ്ഞു.
അവ അവളെ ചുറ്റിവരിയും മുന്‍പ് റിക്ക് അവളെ ചേര്‍ത്തുനിര്‍ത്തി ആലിംഗനം ചെയ്തു, കാതില്‍ മൊഴിഞ്ഞു.
“No never my love, You will be an excellent mom”.
‘മാതൃത്വം മഹനീയമാകുന്നത് അമ്മ കാത്തുവെക്കുന്ന കലവറയില്ലാത്ത സ്നേഹവും കരുതലും മക്കളിലേക്ക് ഒഴുകുമ്പോഴാണ്. ഇതിനിടയില്‍ സ്വന്തം ജീവിതം, മറന്നുപോകുന്ന അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്. അതിനിടയിലെ ചുരുക്കം ചില അപവാദങ്ങളില്‍ ഒരാളാണ് ഡോറയുടെ അമ്മ.
Dora a story of a Crown ward, excellent mom