കഞ്ചാവ് ഉപയോഗം വീണ്ടും ക്രിമിനല്‍ കുറ്റമാക്കാന്‍ തായ്‌ലാൻഡ്; ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് പ്രതിസന്ധിയിലാകും

കഞ്ചാവ് ഉപയോഗം വീണ്ടും ക്രിമിനല്‍ കുറ്റമാക്കാന്‍ തായ്‌ലാൻഡ്; ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് പ്രതിസന്ധിയിലാകും

കഞ്ചാവ് ഉപയോഗം വീണ്ടും ക്രിമിനല്‍ കുറ്റകൃത്യമാക്കാന്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വില്‍ക്കുന്നത് നിരോധിക്കുകയും ചില്ലറയായി വാങ്ങുന്നതിന് മെഡിക്കല്‍ പ്രൊഫഷണലിന്റെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ട് തായ്‌ലാന്‍ഡ് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. 2022ലാണ് കഞ്ചാവ് ഉപയോഗത്തിലും വില്‍പ്പനയിലുമുള്ള നിയന്ത്രണം സര്‍ക്കാര്‍ നീക്കം ചെയ്തത്.

ഭാവിയില്‍ കഞ്ചാവ് ഒരു മയക്കുമരുന്നായി കണക്കാക്കുമെന്ന് ആരോഗ്യമന്ത്രി സോംസാക് തെപ്‌സുതിന്‍ ജൂണ്‍ 24ന് അറിയിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കഴിഞ്ഞാല്‍ നിയമമാകും.

ഭരണസഖ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയാണ് ഈ നയമാറ്റത്തിന് കാരണം. ഭരണസഖ്യത്തിലെ കക്ഷിയായിരുന്ന ഭുംജൈതായ് പാര്‍ട്ടി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കംബോഡിയയുമായുള്ള അതിര്‍ത്തി തര്‍ക്കം പ്രധാനമന്ത്രി പെയ്‌ടോംഗ്ടാണ്‍ കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച അവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകൃത്യമല്ലാതാക്കി മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ മാറ്റം എന്നതാണ് ശ്രദ്ധേയം. 2022ല്‍ നിലവിൽ വന്ന നിയമത്തിൽ കഞ്ചാവ് ഉപയോഗത്തിന് നിയന്ത്രണ ചട്ടക്കൂട് ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രാജ്യത്തുടനീളം കഞ്ചാവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ വളര്‍ന്നുവന്നു. പതിനായിരക്കണക്കിന് ഡിസ്പന്‍സറികളാണ് തുറന്നത്. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളായ ബാങ്കോക്ക്, പട്ടായ, ചിയാംഗ് മായ് തുടങ്ങിയ ഇടങ്ങളില്‍ വ്യവസായം തഴച്ചു വളർന്നു.

വിനോദ, മെഡിക്കല്‍ മേഖലകൾ ഉള്‍പ്പെടെയുള്ള കഞ്ചാവ് വ്യവസായത്തിന്റെ മൂല്യം 2025 ആകുമ്പോഴേക്കും 1.2 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് തായ്‌ലാന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുമ്പ് പറഞ്ഞിരുന്നു.

കഞ്ചാവ് ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്താത്തത് ഗുരുതമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ബാധിക്കുന്നതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ”മെഡിക്കല്‍ ഉപയോഗത്തിനായി മാത്രം കഞ്ചാവ് നിയന്ത്രിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് നയം മാറ്റണം,” സര്‍ക്കാര്‍ വക്താവായ ജിരായു ഹൗങ്‌സുബ് പ്രസ്താവനയില്‍ അറിയിച്ചു.

നയമാറ്റത്തിനെതിരേ കഞ്ചാവ് വ്യവസായികള്‍

നയത്തില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ കഞ്ചാവ് വ്യവസായത്തിലെ തൊഴിലാളികളും ബിസിനസ് ഉടമകളും ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Drug-Related Offenses and Narcotic Charges in Thailand

Share Email
Top