പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യൂ; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം; കേരള തദ്ദേശ വകുപ്പ്

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യൂ; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം; കേരള തദ്ദേശ വകുപ്പ്

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ഇനി മടിച്ചു നിൽക്കേണ്ട. തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരാതിക്കാരന് പാരിതോഷികമായി നൽകും. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന്റേതാണ് തീരുമാനം. 2,500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി.

തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എസ്പിസി കേഡറ്റുകൾ, കോളജ് വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. 9446700800 എന്ന വാട്‌സാപ് നമ്പറിൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കി.

മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8,674 പരാതികളാണ് ഇതുവരെ വാട്‌സാപ് നമ്പർ വഴി ലഭിച്ചത്. കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5,361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു.

മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. വാട്‌സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. ഏറ്റവുമധികം പരാതികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ.

Report crimes of dumping garbage in public places; 
reward one-fourth of the fine amount

Share Email
Top