തിരുവനന്തപുരം: പന്നിക്കെണിയില്‍ പെട്ട് നിലമ്പൂരില്‍ വിദ്യാര്‍ഥി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പഴ നിലപാടില്‍ നിന്നും പിന്‍വാങ്ങി. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഡാലോചന ഉണ്ടോ എന്നു സംശയിക്കണമെന്നു ഇന്നലെ നടത്തിയ പരാമര്‍ശമാണ് മന്ത്രി ഇന്ന് തിരുത്തിയത്. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നാണ് ഇന്ന് മന്ത്രിയുടെ പ്രതികരണം.
പ്രതിഷേധത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് താന്‍ പറഞ്ഞതെന്നു ഇന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ എ.കെ ശശീന്ദ്രനു അര്‍ഹതയില്ലെന്നു പ്രതിപക്ഷ നേതാവ് തുറന്നടിച്ചിരുന്നു. മരണത്തില്‍ ഗൂഡാലോചനയുണ്ടെങ്കില്‍ സര്‍ക്കാര്‍ അടിയന്തരിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം രംഗത്തു വന്നിരുന്നു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ മന്ത്രി നടത്തിയ വിവാദ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശം. ഇതിന് അനുകൂലമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി എം. സ്വരാജ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നു രാവിലെ മാധ്യമങ്ങളെ കണ്ട് മന്ത്രി ശശീന്ദ്രന്‍ തന്റെ ഇന്നലത്തെ നിലപാടില്‍ നിന്നു മലക്കം മറിഞ്ഞു.













