കിഡ്‌നാപ്പിങ് കേസ്: നടന്‍ ജി കൃഷ്ണകുമാറിനെയും മകളെയും അറസ്റ്റ് ചെയ്യുമെന്ന്‌

കിഡ്‌നാപ്പിങ് കേസ്: നടന്‍ ജി കൃഷ്ണകുമാറിനെയും മകളെയും അറസ്റ്റ് ചെയ്യുമെന്ന്‌

തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ ജി കൃഷ്ണകുമാറിനും അദ്ദേഹത്തിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് പോലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. കൃഷ്ണകുമാര്‍, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരെ പ്രതികളാക്കിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഒബൈഓസി’ എന്ന സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഈ നടപടി.

പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി തങ്ങളെ വിളിച്ച് വരുത്തിയ ശേഷം, മറ്റൊരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയതിന് ശേഷം ജീവനക്കാരികളുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി 8,82,000 രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

ആഭരണങ്ങളും സാരികളും വില്‍ക്കുന്ന കവടിയാറിലുള്ള ദിയ കൃഷ്ണയുടെ ‘ഒബൈഓസി’ എന്ന ഓണ്‍ലൈന്‍-ഓഫ്ലൈന്‍ പ്ലാറ്റ്ഫോമിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് നേരത്തെ കൃഷ്ണകുമാറും ദിയയും പരാതി ഉന്നയിച്ചിരുന്നത്. ഈ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നത്. ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച ദിയ, തട്ടിപ്പില്‍ പങ്കാളിയായ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവ് ആദര്‍ശ് തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

ദിയയുടെ പരാതിയില്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈനായി ആരംഭിച്ച ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമാക്കി മാറ്റിയത്. കടയിലും ഓണ്‍ലൈനിലും സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പേയ്മെന്റ് സ്‌കാനറിന് പകരം, ജീവനക്കാര്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി പണം തട്ടിയെന്നാണ് ദിയയുടെ പരാതിയില്‍ പറയുന്നത്. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

G Krishna Kumar and daughter Diya Krishna accused for kidnapping

Share Email
LATEST
Top