എബി മക്കപ്പുഴ
ന്യൂഡൽഹി: മലയാളിയും റാന്നി സ്വദേശിയുമായ സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പ് ഗൗതം അദാനി ഗ്രൂപ്പുമായി ചേർന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20 സ്‌കൂളുകൾ ഇന്ത്യയിൽ സ്ഥാപിക്കാനാണ് ഒരുങ്ങുന്നതെന്ന് ഫോബ്‌സ് മാസിക റിപ്പോർട്ട് ചെയ്യുന്നു.
2000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഈ സംയുക്ത സംരംഭത്തിൽ മുടക്കുന്നത്. പുതിയ സംരംഭത്തിൽ രണ്ട് ഗ്രൂപ്പുകൾക്കും 50 ശതമാനം വീതം ഓഹരികളാണുള്ളത്. ജെംസ് ഗ്രൂപ്പിന് ഇന്ത്യയിൽ കൊച്ചിയിലും ഗുഡ്ഗാവിലും രണ്ട് സ്‌കൂളുകളാണുള്ളത്.
അദാനി ജെംസ് സ്‌കൂളുകളിൽ 30 ശതമാനം അഡ്മിഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചെറു നഗരങ്ങളിലുമായി സ്‌കൂളുകൾ തുടങ്ങാനാണ് പദ്ധതി. പിന്നീട് രാജ്യമൊട്ടാകെ സ്‌കൂൾ ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി ഇടുന്നത്.
ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്ന ചിലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ജെംസ് എഡ്യൂക്കേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ തന്നെ മികച്ച ഡിജിറ്റൽ പഠനരീതികൾ കുട്ടികൾക്കായി നടപ്പാക്കും.
സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാൻ അടുത്ത തലമുറയെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗൗതം അദാനി പറഞ്ഞു.
സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ അർഹരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ജെംസ് എഡ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി അവകാശപ്പെട്ടു.
എട്ട് രാജ്യങ്ങളിലായി 92 സ്‌കൂളുകൾ നടത്തുന്ന ലോകത്തിലെ വൻകിട വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയാണ് സണ്ണി വർക്കി . നഴ്‌സറി മുതൽ 12 വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ ഗ്രൂപ്പിന് കീഴിലുള്ളത്. 185 രാജ്യങ്ങളിൽ നിന്നുള്ള നാല് ലക്ഷം വിദ്യാർത്ഥികളാണ് ദുബായിയിലെ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നത്. ഇതിൽ ഒരു ലക്ഷത്തോളം കുട്ടികൾ ജെംസ് ഗ്രൂപ്പിന്റെ സ്‌കൂളുകളിലാണ്. ഇന്ത്യൻ, അമേരിക്കൻ, ബ്രിട്ടീഷ് സിലബസുകളാണ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്.
പിതാവ് കെഎസ് വർക്കി 1959ൽ ദുബായിൽ ആരംഭിച്ച ഔർ ഓൺ സ്‌കൂളിനെ ലോകത്തോര ബ്രാൻഡായി വളർത്തി എടുത്തത് ഇപ്പോൾ 68 കാരനായ സണ്ണി വർക്കിയാണ്. 30000 പരം കോടി രൂപയുടെ ആസ്തിയുള്ള സണ്ണി വർക്കി ലോക സമ്പന്നരുടെ പട്ടികയുള്ള മലയാളിയും റാന്നി സ്വദേശിയുമാണ്.
Investment of 2000 crores: Gems Group to set up 20 large schools in India in partnership with Gautam Adani Group