ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാന്‍ സാധിക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുധാംശു ത്രിവേദി. ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേതാണ്. മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേല്‍ കടന്നുകയറുകയാണെന്നും ഡല്‍ഹിയില്‍ ‘ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി’ എന്ന പുസ്തത്തിന്റെ പ്രകാശനച്ചടങ്ങില്‍ സുധാംശു പറഞ്ഞു.
കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വിമര്‍ശനം നേരിട്ട വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുടെ തുടര്‍ച്ചയായി സംവിധായകനായ സുദീപ്‌തോ സെനും മലയാളിയായ ജെ.കെ. അംബികയും ചേര്‍ന്നെഴുതിയ പുസ്തകമാണ് ‘ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി’. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജ്യസഭാംഗം സുധാംശു ത്രിവേദി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു.
പരശുരാമന്‍ സൃഷ്ടിച്ച കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് വിളിക്കുന്നതെന്ന് സുധാംശു പറഞ്ഞു.
സംഘടിതമായ മതപരിവര്‍ത്തന പദ്ധതികള്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനുണ്ടായിരുന്നു. ലവ് ജിഹാദിനെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്നും സുധാംശു ത്രിവേദി പറഞ്ഞു. മലപ്പുറത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളിലെയും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനായിരുന്നു നീക്കം. ബിജെപി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് അതു നടക്കാതെ പോയത്.-സുധാംശു ത്രിവേദി പറഞ്ഞു.
India cannot be a secular country says BJP MP Sudheamshu