ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി: ഇറാനില്‍ നിന്നുള്ള 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്നു ഡൽഹിയിലെത്തിക്കും

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി: ഇറാനില്‍ നിന്നുള്ള 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്നു ഡൽഹിയിലെത്തിക്കും

ടെൽ അവീവ്: സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കരമാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും ഇ–വീസയ്ക്ക് അപേക്ഷിക്കാമെന്നും ഇസ്രയേലില്‍ തുടരുന്നവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദ്ദേശം. 

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങി. 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്നു വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്; ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവർ. കഴിയുമെങ്കിൽ സ്വന്തം നിലയ്ക്കു ടെഹ്‍റാൻ വിടാനും എംബസി നിർദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തുന്നു.

അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയനുമായി വിദേശകാര്യമന്തി എസ്.ജയശങ്കര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്ക് പൂര്‍ണ സഹായം ഉറപ്പു നല്‍കിയെന്ന് മിര്‍സോയന്‍ വ്യക്തമാക്കി. എംബസിയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ പൗരന്‍മാരും എത്രയും വേഗം ബന്ധപ്പെടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി കര്‍ശന നിര്‍ദേശം നല്‍കി.

വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം നമ്പറുകൾ: ടോൾഫ്രീ 1800118797, വാട്സാപ്: +91-11-23012113, +91-11-23014104, +91-11-23017905, +91-9968291988. ഇമെയിൽ: situationroom@mea.gov.in

ഇറാനിലെ ഇന്ത്യൻ എംബസി ഹെൽപ്‍ലൈൻ: +98 9128109115, +98 9128109109. വാട്സാപ്: +98 901044557, +98 9015993320, +91 8086871709. cons.tehran@mea.gov.in

Indian Embassy advises Indians wishing to return from Israel to travel to other countries by land; 110 Indian students from Iran in Armenia; will be flown to Delhi today

Share Email
Top