ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ ആന്റി സബ് മറൈന്‍ യുദ്ധകപ്പലായ ‘അര്‍ണാല’ ഈ മാസം 18-ന് വിശാഖപട്ടണത്തെ നേവല്‍ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ആയിരിക്കും കമ്മീഷനിംഗ് നിര്‍വഹിക്കുക. ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് പരമ്പരയിലെ ആദ്യത്തെ യുദ്ധക്കപ്പലാണ് അര്‍ണാല.
77 മീറ്റര്‍ നീളവും 14,90 ടണ്ണില്‍ കൂടുതല്‍ ഭാരവുമാണ് ഈ യുദ്ധക്കപ്പലിനുള്ളത്. ഡീസല്‍ എഞ്ചിന്‍-വാട്ടര്‍ജെറ്റ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. കപ്പലിന്റെ മുദ്രാവാക്യമായി ദേവനാഗരി ലിപിയില്‍ സമുദ്രത്തിന്റെ ശൗര്യം എന്നര്‍ത്ഥം വരുന്ന ”അര്‍ണവേ ശൗര്യം” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്റ്എഞ്ചിനീയേഴ്സ് ആണ് കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ എല്‍ ആന്റ് ടി ഷിപ്പ് ബില്‍ഡേഴ്സുമായി സഹകരിച്ചായിരുന്നു നിര്‍മ്മാണം. 80 ശതമാനത്തിലധികം തദ്ദേശീയ ഭാഗങ്ങളോടെയാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ഡിഫന്‍സ്, എം.ഇ.ഐ.എല്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂതന സംവിധാനങ്ങള്‍ ആണ് ഈ യുദ്ധക്കപ്പലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലും കാട്ടുപ്പള്ളിയിലും സ്ഥിതി ചെയ്യുന്ന കപ്പല്‍ ഉല്‍പ്പാദന ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പല്‍ മേല്‍നോട്ട സംഘങ്ങളുടെയും മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. കഴിഞ്ഞ മാസം 8-ന് കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി.
Indian Navy is all set to commission the first Anti-Submarine Arnala