യു.എസില്‍ നിന്ന് നാടുകടത്തും മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ തറയില്‍ കിടത്തി വിലങ്ങിട്ടു

യു.എസില്‍ നിന്ന് നാടുകടത്തും മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ തറയില്‍ കിടത്തി വിലങ്ങിട്ടു

ന്യൂവാര്‍ക്ക്: യു.എസില്‍നിന്ന് നാടുകടത്തുന്നതിന് മുമ്പ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ ബലം പ്രയോഗിച്ചു വിലങ്ങുവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം ഇന്ത്യന്‍ അമേരിക്കല്‍ സാമൂഹ്യ സംരംഭകനായ കുനാല്‍ ജെയിന്‍ ആണ് എക്‌സില്‍ പങ്കുവെച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് കുനാല്‍ സിങ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. സംവം നടന്നത് ശനിയാഴ്ച രാത്രിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൈകള്‍ ബന്ധിച്ചതിനെ തുടര്‍ന്ന് ഹരിയാന സ്വദേശിയായ വിദ്യാര്‍ഥി കരഞ്ഞുവെന്നും ഒരു കുറ്റവാളിയെപ്പോലെയാണ് അധികൃതര്‍ പെരുമാറിയതെന്നും ഹിന്ദി എഴുത്തുകാരന്‍ കൂടിയായ കുനാലിന്റെ പോസ്റ്റില്‍ പറയുന്നു. ”ഇന്നലെ രാത്രി ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് ഒരു യുവ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നാടുകടത്തുന്നത് കണ്ടു. കൈകള്‍ ബന്ധിച്ച്, കരഞ്ഞുകൊണ്ട്, ഒരു കുറ്റവാളിയെപ്പോലെ പെരുമാറി. അവന്‍ സ്വപ്നങ്ങളെ പിന്തുടരാന്‍ വന്നു, ഉപദ്രവിക്കാന്‍ വേണ്ടിയല്ല. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ എനിക്ക് നിസ്സഹായത തോന്നി, ഹൃദയം തകര്‍ന്നു. ഇതൊരു മാനുഷിക ദുരന്തമാണ്…” കുനാല്‍ സിങ് പറഞ്ഞു.

മകന് എന്താണ് സംഭവിക്കുന്നതെന്ന് രക്ഷിതാവിന് അറിയില്ലെന്നും കുനാല്‍ സിങ് പറഞ്ഞു. താന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ വിദ്യാര്‍ഥിയെ കയറ്റേണ്ടതായിരുന്നെങ്കിലും കയറ്റിയിട്ടില്ല. ന്യൂജേഴ്സി അധികൃതരില്‍നിന്ന് അവന് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ എംബസിയെയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചു. എല്ലാ ദിവസവും ഇത്തരം മൂന്നോ നാലോ കേസുകള്‍ സംഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം കേസുകള്‍ കൂടുതലാണെന്നും കുമാലിന്റെ പോസ്റ്റിലുണ്ട്.

മുന്‍പും ഇന്ത്യക്കാരെ യുഎസ് അധികൃതര്‍ കൈവിലങ്ങ് അണിയിച്ചു നാടുകടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതുമുതല്‍ ഇതുവരെ ആയിരത്തിലധികം ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ട്. യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ച 18,000 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Indian student being deported from Newark Airport handcuffed

Share Email
Top