ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായതിനു പിന്നാലെ ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ അടിയന്തിരമായി ഒഴിപ്പിക്കുന്നു. ഇരു രാജ്യങ്ങളിലും കൂടുതലായി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉള്ളത്. മെഡിക്കല്‍ പഠനത്തിന് ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലേയും വിവിധ സര്‍വകലാശാലകളില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സംഘര്‍ഷ സാഹചര്യം പരിഗണിച്ച് ഇന്ത്യയിലേക്ക് മടക്കി അയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുള്ളത്.
ഇറാനില്‍ നിന്ന് 200 ലധികം പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.സംഘര്‍ഷത്തിനിടെഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസ ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇസ്രയേലില്‍ നഴ്‌സിംഗ് മേഖലകളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ജോലി ചെയ്തു വരുന്നത്. ഇവരുടെ കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ ്ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.
Indians urgently evacuated from Iran and Israel