വാഷിംഗ്ടൺ: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ യാഥാര്‍ത്ഥ്യമാകുന്നത്.
വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യൻ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ജൂലൈ ഒമ്പത് വരെ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏർപ്പെടുത്തിയ 26 ശതമാനം താരിഫിൽ നിന്ന് പൂർണ്ണമായ ഒഴിവാക്കലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
എന്നാൽ ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ . യുഎസിൻ്റെ കടുംപിടുത്തങ്ങൾ ഇന്ത്യക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അകത്തളങ്ങളിൽ നിന്നുള്ള രഹസ്യ വിവരം. യുഎസ് ഏതാണ്ട് ഏകപക്ഷീയമായ ഒരു നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യയുടെ ഇറക്കുമതി താരിഫ് കുറയ്ക്കുക, ഇന്ത്യൻ വിപണി അമേരിക്കക്കായി തുറന്നു നൽക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ വാഷിങ്ടൺ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഇതു വളരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏതാണ്ട് അമേരിക്കക്കു മുന്നിൽ ഇന്ത്യ അടിയറവ് പറഞ്ഞു എന്നൊരു തോന്നൽ ഇന്ത്യൻ ജനതയ്ക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല എന്നാണ് നയതന്ത്രവിദഗ്ധർ നൽകുന്നസൂചന. സാഹചര്യങ്ങൾ വളരെയേറെ വഷളാക്കിയത് പ്രസിഡൻ്റ് ട്രംപാണ്. ഇന്ത്യ – പാക്ക് സംഘർഷം താൻ ഇടപ്പെട്ട് ബിസിനസ് ഡീലിലൂടെ പരിഹരിച്ചു എന്ന് അവസരം കിട്ടുമ്പോൾ എല്ലാം ട്രംപ് പറയുന്നു. എന്നാൽ ഇതു ആദ്യം മുതലേ ഇന്ത്യ നിഷേധിച്ച കാര്യമാണ്. കശ്മീരിനെ അന്തരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചു വരുന്നത്. പാക്ക് സേനാ മേധാവിയെ വൈറ്റ്ഹൌസിൽ വിളിച്ചുവരുത്തി വിരുന്നു നൽകിയ സംഭവും ഇന്ത്യയിൽ ചർച്ചാവിഷയമായിരുന്നു.
ബിസിനസ് ഡീലുകളിൽ ട്രംപ് ഒരു വിട്ടുവീഴ്ച നിലപാടും സ്വീകരിക്കുന്നില്ല എന്നത് മറ്റ് രാജ്യങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ യുകെയും ചൈനയും യുഎസുമായി വ്യാപാരക്കരാറുകൾ സംസാരിച്ച് ചില ധാരണകളിൽ എത്തിയിട്ടുണ്ട്. എന്നാൽ കാനഡയുമായി അത് സാധ്യമായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ഇറക്കുമതി ചുങ്കം ട്രംപ് പ്രഖ്യാപിച്ച അന്നു മുതൽ തുടങ്ങിയ ചർച്ചകളാണ് അനന്തമായി നീളുന്നത്. അമേരിക്കക്ക് വൻ ലാഭമുണ്ടാക്കാത്ത ഒരു ഡീലും ട്രംപ് സമ്മതിക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു ധാരണ ഉണ്ടാകാൻ അതുകൊണ്ടു തന്നെ വളരെ പ്രയാസകരമായ കാര്യമാണ്.
ലോകത്തിലെ ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന താരിഫുകൾ ഇന്ത്യയിലാണുള്ളത്, ശരാശരി നിരക്ക് ഏകദേശം 17 ശതമാനമാണ്. അല്ലാത്ത പക്ഷം അതു രാജ്യത്തെ കർഷകരെ ബാധിക്കും എന്നതിനാലാണ് ഇന്ത്യ ഉയർന്ന താരിഫ് നിലനിർത്തുന്നത്. നിലവിൽ കർഷക സമരം ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു വിഷയമാണ്. അക്കൂടെ താരിഫ് കുറയ്ക്കുന്നത് ഇന്ത്യാ സർക്കാരിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും എന്നതിലും സംശയമില്ല. യുഎസ് ഡെയറി ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണം എന്നാണ് യുഎസിൻ്റെ പ്രധാന ആവശ്യം. ഈ നീക്കം ഇന്ത്യയുടെ ക്ഷീര കാർഷിക മേഖലയെ ബാധിക്കും എന്ന് ഉറപ്പാണ്. ഇന്ത്യയിൽ സുലഭമല്ലാത്ത പഴ വർഗങ്ങൾ , പയർ – പരിപ്പ് വർഗങ്ങൾ എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ ഇറക്കുമതി ചെയ്യുക. ലോകത്തിലെ ഏറ്റവും വലിയ വിപണിയും ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയുമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ കടുംപിടുത്തങ്ങളിൽ അൽപമെങ്കിലും ഇളവുണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജൂലൈ എട്ടിന് ഒപ്പുവയ്ക്കുന്ന കരാർ ഒരു തുടക്കം മാത്രമായിരിക്കും, ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.
Indo – US trade agreement an Analysis