ന്യൂയോർക്ക്: മാസങ്ങൾക്കുള്ളിൽ തന്നെ ആണവ ബോംബ് നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി. യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും പൂർണമായി നശിപ്പിക്കാൻ സാധിച്ചില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളുന്നതായിരുന്നു റാഫേൽ ഗ്രോസിയുടെ പ്രസ്താവന.
‘‘എല്ലാം പൂർണമായി അപ്രതീക്ഷമായി എന്നും അവിടെ ഒന്നും ശേഷിക്കുന്നില്ല എന്നും അവകാശപ്പെടാൻ കഴിയില്ല’’ റാഫേൽ ഗ്രോസി മാധ്യമങ്ങളോട് പറഞ്ഞു. ടെഹ്റാനിൽ മാസങ്ങൾക്കുള്ളിൽ തന്നെ സമ്പുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നും, ഇറാന് അതിനുള്ള സാങ്കേതിക ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 13നാണ് ഇറാനിൽ ആണവായുധ നിർമ്മാണം തുടക്കമിടുന്നു എന്ന് അവകാശപ്പെട്ട് ഇസ്രയേൽ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചത്. പിന്നീട് യുഎസും ഇറാനെ ആക്രമിച്ചുകൊണ്ട് രംഗത്തുവരികയായിരുന്നു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെ ആക്രമണം. തുടർന്നാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായി തകർന്നുയെന്ന് ട്രംപ് വാദമുന്നയിച്ചത്. എന്നാൽ ഇതുവരെയും ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ച കേടുപാടുകളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.