ഇറാൻ 408 കിലോ യുറേനിയം കടത്തി; ഫോർഡോ നിലയം പ്രവർത്തനരഹിതമായി: ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി

ഇറാൻ 408 കിലോ യുറേനിയം കടത്തി; ഫോർഡോ നിലയം പ്രവർത്തനരഹിതമായി: ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി

ടെഹ്‌റാൻ: തങ്ങളുടെ ആണവായുധ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നുവെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) തലവൻ റഫേൽ ഗ്രോസി അറിയിച്ചു. ഇറാൻ സഹകരിച്ചെങ്കിലും പരിശോധനകളിൽ സുതാര്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗ്രോസിയുടെ ഈ വെളിപ്പെടുത്തൽ.

“അവർ സഹകരിച്ചിരുന്നു, എന്നാൽ അത് പരിമിതമായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് ഇറാന്റെ പക്കൽനിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ടായിരുന്നു. യുറേനിയത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ അവ കണ്ടെത്തി. അവർ നൽകിയ ഉത്തരങ്ങൾ വേണ്ടത്ര വിശ്വസനീയമായിരുന്നില്ല, സുതാര്യതയുമുണ്ടായിരുന്നില്ല,” ഗ്രോസി പറഞ്ഞു.

ഇറാൻ ആണവായുധ നിർമ്മാണത്തിനരികിലാണോ എന്ന ചോദ്യത്തിന്, ഇറാന്റെ കൈവശം പത്ത് ആണവായുധങ്ങൾ നിർമ്മിക്കാനുള്ള യുറേനിയവും സാങ്കേതിക വിദ്യയും ഉണ്ടെന്ന് ഗ്രോസി വ്യക്തമാക്കി. ഇറാന്റെ കൈവശം ആണവായുധങ്ങൾ ഇല്ലായിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവകേന്ദ്രങ്ങളിൽ നിന്ന് 400 കിലോഗ്രാം വരുന്ന യുറേനിയം യുഎസ് ആക്രമണത്തിന് മുൻപ് ഇറാൻ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വാർത്തകളുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പേ തങ്ങൾ യുറേനിയം പരിശോധിച്ചിരുന്നുവെന്ന് ഗ്രോസി സ്ഥിരീകരിച്ചു. അന്ന് 408 കിലോഗ്രാം യുറേനിയമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ഇതിൽ ഫോർഡോ ആണവകേന്ദ്രം ഇനി പ്രവർത്തനക്ഷമമാകില്ലെന്നും യുഎസ് ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണ്ണമായി തകർത്തുവെന്ന ട്രംപിന്റെ വാദത്തെ അദ്ദേഹം അംഗീകരിച്ചില്ല. എന്നാൽ, കേന്ദ്രങ്ങളുടെ ശക്തി ക്ഷയിച്ചുവെന്ന് IAEA മേധാവി വ്യക്തമാക്കി. ഉപഗ്രഹചിത്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവനിലയങ്ങൾ പരിശോധിക്കാൻ അനുമതി നൽകണമെന്ന് IAEA ഇറാനോട് ആവശ്യപ്പെടുകയും ചെയ്തു.

Iran Moved 408 Kg Uranium; Fordow Nuclear Site Now Inoperable, Says IAEA

Share Email
Top