ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ യുഎസ്.
ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു.
പശ്ചിമേഷ്യയില്‍ ഉടനീളമുള്ള അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ‘സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക’ എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നീക്കത്തില്‍ ട്രംപ് ഭരണകൂടവും നെതന്യാഹു ഭരണകൂടവും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്നാണ് വിവരം.
Israel is preparing to attack Iran says Washington Post