ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിനിടയിലും വടക്കൻ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 11 പേർ കൊല്ലപ്പെട്ടു. ഇതേസമയം, വെടിനിർത്തലിന് യുഎസ് പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്തയാഴ്ച യുഎസ് സന്ദർശിക്കുമെന്ന സൂചനകൾക്കിടെ, അദ്ദേഹത്തിനെതിരായ അഴിമതിക്കേസിലെ ഈയാഴ്ചത്തെ വിചാരണ ടെൽ അവീവിലെ കോടതി റദ്ദാക്കി.
മന്ത്രി റോൺ ഡെർമർ ഈയാഴ്ച തന്നെ യുഎസിലെത്തും. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’ എന്ന് ട്രംപ് ആവശ്യപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥർ നെതന്യാഹുവിനെ കാണാനിരിക്കെയാണ് ട്രംപിന്റെ പോസ്റ്റ്. വടക്കൻ ഗാസയിലെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കിയേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുമെന്നാണു സൂചന. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ധാരണയ്ക്കു ശേഷമേ ബന്ദികളെ വിട്ടുകൊടുക്കൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. 20 ഇസ്രയേൽ സ്വദേശികളെങ്കിലും ഹമാസിന്റെ ബന്ദികളായുണ്ടെന്നാണു വിവരം.
Israel to intensify attack on Gaza: Is Trump’s ceasefire call in vain?