അറുതിയില്ലാതെ ഇസ്രയേൽ – ഇറാൻ പോരാട്ടം

അറുതിയില്ലാതെ ഇസ്രയേൽ – ഇറാൻ പോരാട്ടം
Share Email

ഇസ്രയേല്‍ ആക്രമണം ഇറാന്റെ എണ്ണപ്പാടത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേര്‍ക്ക്

ടെല്‍അവീവ്: അറുതിയില്ലാതെ ഇസ്രയേല്‍-ഇറാന്‍ പോരാട്ടം തുടരുന്നു.  പശ്ചിമേഷ്യയില്‍ അതിരൂക്ഷമായ അനിശിതത്വവും ഭീതിയും വിതറി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം  പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി. ദിവസങ്ങള്‍ കഴിയും തോറും ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ അതിശക്തമാകുകയാണ്. 

 ഇസ്രയേല്‍ ഇറാനില്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു.  ടെഹ്‌റിനിലെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.

പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നതാന്‍സ്, ഇസ്ഫഹാന്‍, ടെഹ്‌റാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വിപുലമായ വ്യോമാക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

നിരവധി ഉന്നത ഇറാനിയന്‍ ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ടെഹ്‌റാനില്‍ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായി. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ 200-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തു. നിലവിലെ സാഹചര്യങ്ങള്‍ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ അവര്‍ പിന്‍വലിച്ചു. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, പ്രതികരണം ‘കൂടുതല്‍ കഠിന’മാകുമെന്നും ഇസ്രയേലിന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടാമെന്നും ടെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കി.

Share Email
LATEST
Top