ഇസ്രായേൽ-ഇറാൻ സംഘർഷം ലഘൂകരിക്കേണ്ടത് അത്യാവശ്യം: ഫോണിൽ സംസാരിച്ച് റഷ്യയും ചൈനയും

ഇസ്രായേൽ-ഇറാൻ സംഘർഷം ലഘൂകരിക്കേണ്ടത് അത്യാവശ്യം: ഫോണിൽ സംസാരിച്ച് റഷ്യയും ചൈനയും

ബീജിങ്: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പരസ്പരം സംസാരിച്ച് റഷ്യയും ചൈനയും. ഫോണിലൂടെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും സംസാരിച്ചത്. സംഘര്‍ഷം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

യുഎന്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ പുടിനും ഷി ജിന്‍പിങ്ങും ശക്തമായി അപലപിച്ചതായി ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിന് സൈനിക പരിഹാരമല്ല വേണ്ടതെന്നാണ് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നത്, രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹാരം നേടിയെടുക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മേഖലയിൽ പ്രത്യേക സ്വാധീനമുള്ള പ്രധാന രാജ്യങ്ങൾ സ്ഥിതിഗതികൾ തണുപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഷി ജിന്‍ പിങ് പറഞ്ഞു. അമേരിക്കയുടെ പേര് എടുത്തു പറയാതെയായിരുന്നു മുന്നറിയിപ്പോണമെന്നുള്ള ജിന്‍പിങിന്റെ പരാമര്‍ശം. സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനും യുദ്ധത്തിന്റെ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ എത്രയും വേഗം വെടിനിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ അമേരിക്കയും പങ്കാളിയാകാനൊരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാചര്യത്തിലാണ്‌ ഷി ജിന്‍ പിങിന്റെ പരാമര്‍ശം. അതേസമയം ഏഴാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ വഷളായാൽ വൻ ദുരന്തമുണ്ടാകുമെന്ന് റഷ്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ പങ്കുചേരരുതെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ എന്നിവരുമായി പുടിൻ നേരത്തെ ബന്ധപ്പെടുകയും മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം ആരും ഏറ്റെടുത്തിട്ടില്ല. ചൈനയുമായുള്ള സംഭാഷണത്തിലും ഇക്കാര്യം പുടിന്‍ ആവര്‍ത്തിച്ചു.

Share Email
LATEST
More Articles
Top