ഇന്ന് (ജൂണ്‍ 19) വായനാദിനം: ജീവിതമാണ് വായന, അറിവ് അഗ്‌നിയും…

ഇന്ന് (ജൂണ്‍ 19) വായനാദിനം: ജീവിതമാണ് വായന, അറിവ് അഗ്‌നിയും…

എ.എസ് ശ്രീകുമാര്‍

”തീമലയ്ക്ക് താഴെ ഹിമശൃംഗങ്ങളുണ്ട്. അവിടെ സരോവരം. അതിനെ തൊട്ടുരുമ്മി പോകുന്നു ഏകാന്തകാന്തമായ കാട്ടുവഴി. അതില്‍കൂടി നടന്നാല്‍ ചെന്നു കയറുന്നത് സുരഭിലമായ പൂങ്കാവനത്തിലാണ്. വൃക്ഷ ചില്ലയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളികള്‍. മുട്ടോളം പുതയുന്ന ഉണക്കിലകളില്‍കൂടി നടക്കുമ്പോള്‍ കാലിനടിയില്‍ കാടിന്റെ കിന്നാരം. ചവിട്ടുമ്പോള്‍ ശബ്ദ ത്തോടെ ഒടിഞ്ഞുപോയ ഒരു ചുള്ളിക്കമ്പ്. ചിന്താമൂകനേപ്പോലെ നില്‍ക്കുന്ന ഒരു മഹാമരം. അതിനപ്പുറത്ത് അവന്റെ ഗോത്ര വാസികള്‍. അതുപോലെയുള്ള വേറെയും മാമരങ്ങള്‍. തലയ്ക്കുമീതെ പറന്നു പോകുന്ന ഒരു പക്ഷി. അതിന്റെ ചിറകടിയുടെ ശബ്ദം. സൂര്യരശ്മി അരിച്ചുവരാത്ത ഇരുണ്ട മരച്ചില്ലയില്‍ അതു ചേക്കേറുന്നു. വെറുമൊരു പക്ഷിയല്ല. അതിനൊരു ആത്മാവുണ്ട്. അതു പാട്ടുപാടുന്നു. ഒരു കുഴലൂത്തുകാരനേപ്പോലെ. കാട്ടില്‍ മറഞ്ഞിരിക്കുന്ന വേറൊരു പക്ഷിക്ക് എന്തോ സന്ദേശം അയച്ചുകൊടുക്കുകയാണ്. കാറ്റടിക്കുന്നു…”

പാബ്‌ളോ നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഗുരു നിത്യചൈതന്യയതി കൊടുത്ത പരിഭാഷയാണിത്. ചിലിയന്‍ കാടുകളെക്കുറിച്ചുള്ള വര്‍ണ്ണനയാണ് മേല്‍വിവരണം. നമ്മള്‍ അവിടെയെത്തിയതുപോലെ അനുഭവപ്പെടുന്നു. വായന അറിവിന്റെ മാത്രമല്ല, ഭാവനയുടെയും അതിവിശാലമായ ലോകം നമുക്കു തുറന്നു തരുന്നു. നമ്മളറിയാത്ത ലോകത്ത് അറിയാത്ത മനുഷ്യരുടെ, ജീവജാലങ്ങള്‍ക്കിടയിലൂടെ വല്ലാത്തൊരു ഉന്മാദത്തോടെ നമ്മള്‍ ഒഴുകുന്നു…

ഇന്ന് ‘വായനാദിനം’ ആണ്. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. 2017 മുതല്‍ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍ പണിക്കര്‍ എന്ന പുസ്തക സ്‌നേഹിയുടെ ഓര്‍മ്മദിനമാണിന്ന്. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് പി.എന്‍ പണിക്കര്‍ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്.

കേരളത്തിലുടനീളം സഞ്ചരിച്ച് ”വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക…” എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ല്‍ കേരള ഗ്രന്ഥശാലാസംഘം രീപീകരിക്കപ്പെട്ടു. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

അതേ, ലോകത്ത് ഒരുപാട് വലിയ ഗ്രന്ഥശാലകളുണ്ട്. പക്ഷേ, നമ്മള്‍ മലയാളികളുടേതുപോലെ ഒരുനാട്ടിലങ്ങോളമിങ്ങോളം പടര്‍ന്നുനില്‍ക്കുന്ന പ്രസ്ഥാനമായി അത് രൂപപ്പെടുത്തിയിട്ടുള്ളത് എവിടെയുമുള്ളതായി അറിവില്ല. കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് അത് മുക്കില്‍ ചെന്നാലും കാണുന്ന ഒരു വായനശാല. പിന്നെ ദിനപത്രങ്ങള്‍… പുസ്തകങ്ങള്‍ അവിടെ ഒത്തുകൂടുന്ന നാട്ടുകൂട്ടം… സൂര്യനു താഴെയുള്ള സകലവിഷയങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടും. ആ വായനാ പൈതൃകവും ആരോഗ്യകരമായ ഗ്രാമ സംവാദങ്ങളുമൊക്കെ അന്യംനിന്നു പോകാതെ കാത്തു സംരക്ഷിക്കേണ്ടത് ഗ്രന്ഥശാലാ സ്‌നേഹികളായ നമ്മുടെയെല്ലാം കടമയാണ്. അതിര്‍ത്തികളെല്ലാം കടന്ന് വായനയുടെ വെളിച്ചം പരന്നൊഴുട്ടെ…

June 19 National reading day-P.N Panicker memorial day

Share Email
LATEST
More Articles
Top