കെ.എച്ച്.എൻ.എ. 2027 ഫ്ലോറിഡ കൺവൻഷൻ: നയിക്കാൻ നവ നേതൃത്വം വരുന്നു

കെ.എച്ച്.എൻ.എ. 2027 ഫ്ലോറിഡ കൺവൻഷൻ:  നയിക്കാൻ നവ നേതൃത്വം വരുന്നു

അരുൺ ഭാസ്കർ / സുരേഷ് നായർ  

ഫ്ലോറിഡ: ഒരു വ്യാഴവട്ടത്തിലേറെയുള്ള ഇടവേളക്കു ശേഷം അമേരിക്കൻ മലയാളികളുടെ സ്വപ്ന ഭൂമിയായ ഫ്ളോറിഡയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന കെ.എച്ച്.എൻ.എ. 2027 നേതൃനിരയിൽ പ്രസിഡന്റായി ടി.ഉണ്ണികൃഷ്ണൻ (ടാമ്പാ)സെക്രട്ടറിയായി സിനു നായർ (ഫിലാഡൽഫിയ) ട്രഷററായി അശോക് മേനോൻ (ഒർലാണ്ടോ) എന്നിവരോടൊപ്പം വൈസ് പ്രസിഡന്റായി സഞ്ജീവ് കുമാറും(ന്യൂജേഴ്‌സി) ജോയിന്റ് സെക്രട്ടറിയായി ശ്രീകുമാർ ഹരിലാലും (മയാമി) ജോയിന്റ് ട്രഷററായി അപ്പുകുട്ടൻ പിള്ളയും (ന്യൂയോർക്ക്) വരുന്നു.

വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി യുടെ (കെ.എച്ച്.എൻ.ജെ) മുന്നണി പ്രവർത്തകനും 2019 മുതൽ 23 വരെ പ്രസിഡന്റും, 2019 കെ.എച്ച്.എൻ.എ. ന്യൂജേഴ്‌സി ഗ്ലോബൽ ഹിന്ദു സംഗമ വൈസ് ചെയറും ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. കൺവൻഷൻ രെജിസ്ട്രേഷൻ ചെയറുമായി പ്രവർത്തിച്ചു തന്റെ സംഘാടക മികവ് തെളിയിച്ച വ്യക്തിയാണ്. കൂടാതെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കാഞ്ചിന്റെ മുൻ ജന: സെക്രട്ടറിയും ഐ ടി പ്രൊഫെഷനലുമാണ്.

ജോ: സെക്രട്ടറിയാകാനെത്തുന്ന ശ്രീകുമാർ ഹരിലാൽ 2013 കെ.എച്ച്.എൻ.എ. മയാമി നാഷണൽ കൺവൻഷൻ രെജിസ്ട്രേഷൻ ചെയർമാൻ, കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, 2015 ഡാളസ് കൺവൻഷൻ മേഖല കോ ചെയർ, 2025 കെ.എച്ച്.എൻ.എ. റീജിയണൽ ശുഭാരംഭം  കോർ കമ്മിറ്റി അംഗം എന്നീ നിലകളിൽ ശ്രദ്ധേയനായ ദീർഘ കാല സംഘടന സഹയാത്രികനാണ്.

കഴിഞ്ഞ അരനൂറ്റാണ്ടായി ന്യൂയോർക്കിലെ മലയാളി സംഘടനാ രംഗത്തെ സജീവ സാന്നിധ്യമാണ് ജോ: ട്രഷറായി പത്രിക സമർപ്പിച്ചിട്ടുള്ള അപ്പുകുട്ടൻ പിള്ള. ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്കിലെ ആദ്യകാല ഹൈന്ദവ കൂട്ടായ്മകളിൽ ഒന്നായ എൻ.ബി.എ. യുടെയും കേരള കൾച്ചറൽ അസോസിയേഷന്റെയും സ്ഥാപക അംഗങ്ങളിൽ ഒരാളും എൻ.ബി.എ.യുടെ മുൻ പ്രസിഡന്റുമാണ്.
ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന കെ.എച്ച്.എൻ.എ. സിൽവർജൂബിലി കൺവൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്.

നാനൂറിൽ പരം കുടുംബങ്ങൾ ഇതിനകം രെജിസ്റ്റർ ചെയ്തിട്ടുള്ള കൺവൻഷനിൽ എല്ലാ ഹൈന്ദവ വിശ്വാസികളും കുടുംബസമേതം പങ്കെടുക്കണമെന്നും ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീമിനെ അംഗീകരിച്ച് അനുഗ്രഹിക്കണമെന്നും അഭ്യർത്ഥിക്കുന്നതായി സഞ്ജീവ് കുമാറും സിനു നായരും അശോക് മേനോനും ശ്രീകുമാർ ഹരിലാലും അപ്പുകുട്ടൻ പിള്ളയും സംയുക്തമായി അറിയിക്കുന്നു

KHNA Florida Convention Team: New leadership coming to lead

Share Email
Top