ഇന്ത്യയിലെ തന്നെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി കോട്ടയം

ഇന്ത്യയിലെ തന്നെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി കോട്ടയം

കോട്ടയം: സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം.

തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിർമാർജ്ജന പ്രക്രിയ. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു.

അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിർണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ 2021 ഒക്ടോബറിൽ ആരംഭിച്ചിരുന്നു. 1344 എന്യൂമറേഷൻ സംഘങ്ങൾ സർവേയിൽ പങ്കാളികളായി. 2688 എന്യുമറേറ്റർമാർ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ) എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചത്.

2022 ജനുവരി പത്തിന് അതിദാരിദ്ര്യ നിർണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം മാറി. 1071 പേരെ സർവേയിൽ കണ്ടെത്തി. മരിച്ചവർ, ഇതര സംസ്ഥാനങ്ങളിൽനിന്നോ മറ്റു ജില്ലകളിൽനിന്നോ കുടിയേറിയവർ എന്നിവരെ സൂപ്പർ ചെക്കിലൂടെ ഒഴിവാക്കി. അന്തിമപട്ടികയിൽ 903 പേരെ അതിദരിദ്രരായി കണ്ടെത്തി.

തുടർന്ന് അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ഓഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകൾ തയാറാക്കിയതും കോട്ടയത്താണ്. 2022 ഒക്ടോബറിലാണ് നിർവഹണം ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി മൈക്രോപ്ലാനുകൾ നടപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.

ഭക്ഷണത്തിന് ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി വരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.

മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകുന്നു. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറ് കുടുംബങ്ങൾക്കും ലഭ്യമാക്കി.

വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആറ് കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി അഞ്ച് കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ച് കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി. ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരുമായ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി.

അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കി. വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്‌പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി.

55 വിദ്യാർത്ഥികൾക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചുമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.കെ. ആശ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.

Kottayam becomes the first district in India to have no extreme poverty

Share Email
LATEST
Top