ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്

ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്

സോള്‍: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ-മ്യൂങ് ആണ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായത്. നേരത്തേ അഭിപ്രായസര്‍വേകളും ലീയ്ക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിച്ചത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലീ ജേ-മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ് 61-കാരനായ ലീ അധികാരമേറ്റത്. 2022-ലെ തിരഞ്ഞെടുപ്പിലും ലീ മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് യുന്‍ സുക് യോളിനോട് നേരിയവോട്ടിന് പരാജയപ്പെടുകയായിരുന്നു.

ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്. പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് 41.15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൂന്നരക്കോടിയോളം പേരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

പ്രസിഡന്റായിരുന്ന യുന്‍ സുക് യോള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചതാണ് ദക്ഷിണ കൊറിയയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിമറിയാന്‍ കാരണമായത്. ഉത്തര കൊറിയയോട് അനുഭാവമുള്ള ശക്തികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നെന്നു പറഞ്ഞാണ് യോള്‍, പട്ടാളനിയമം പ്രഖ്യാപിച്ചത്. ആറുമണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനുശേഷം പാര്‍ലമെന്റ് പ്രമേയത്തിലൂടെ നിയമം പിന്‍വലിച്ചിരുന്നു. യോളിനെ പാര്‍ലമെന്റ് ഇംപീച്ച്‌ചെയ്യുകയും തീരുമാനം പിന്നീട് ഭരണഘടനാകോടതി ശരിവെക്കുകയുംചെയ്തു. ഈ സാഹചര്യമാണ് രാജ്യത്ത് തിരഞ്ഞെടുപ്പിനിടയാക്കിയത്.

lee-jae-myung-elected-as-the-new-president-of-south-korea

Share Email
Top